പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവം: തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചു

അപകടത്തില്‍പ്പെട്ട തീവണ്ടിയുടെ ബോഗികള്‍ മാറ്റി പാളം അറ്റകുറ്റപണി നടത്തിയതിനു ശേഷം ആദ്യ തീവണ്ടി ഇതുവഴി കടത്തിവിട്ടു. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസാണ് ആദ്യമായി കടത്തിവിട്ടിരിക്കുന്നത്.

Update: 2022-02-12 06:15 GMT

കൊച്ചി: തൃശൂര്‍ പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചു.ഇന്ന് രാവിലെയോടെയാണ് തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കപ്പെട്ടത്.അപകടത്തില്‍പ്പെട്ട തീവണ്ടിയുടെ ബോഗികള്‍ മാറ്റി പാളം അറ്റകുറ്റപണി നടത്തിയതിനു ശേഷം ആദ്യ തീവണ്ടി ഇതുവഴി കടത്തിവിട്ടു. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസാണ് ആദ്യമായി കടത്തിവിട്ടിരിക്കുന്നത്.

അപകടത്തിനു ശേഷം ഇന്നലെ തന്നെ ഒരു പാളത്തിലൂടെ ഇരു വശത്തേക്കും സര്‍വ്വീസ് ആരംഭിച്ചിരുന്നുവെങ്കിലും ഇതുമൂലം തീവണ്ടികള്‍ ഏറെ വൈകിയാണ് ഓടിയിരുന്നത്.ഇതിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി നിരവധി തീവണ്ടികള്‍ പൂര്‍ണ്ണമായും ഭാഗികമായും റദ്ദാക്കിയിരുന്നു.

എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ്(സ്‌പെഷ്യല്‍),ആലപ്പുഴ-എറണാകുളം(സ്‌പെഷ്യല്‍),എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, പാലക്കാട്-എറണാകുളം മെമു എന്നിവയാണ് ഇന്ന് പൂര്‍ണ്ണമായും റദ്ദാക്കിയത്.ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ്,എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ് പ്രസ്,തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ് പ്രസ് എന്നിവയും ഇന്ന് റദ്ദാക്കിയ തീവണ്ടികളില്‍ ഉള്‍പ്പെടുന്നു.

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഷൊര്‍ണ്ണൂര്‍ വരെ മാത്രമാണ് ഇന്ന് സര്‍വ്വീസ് നടത്തുന്നത്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ആലപ്പുഴയില്‍ നിന്നും യാത്ര ആരംഭിക്കുന്നതിന് പകരമായി ഇന്ന് ഷൊര്‍ണ്ണൂരില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക.എറണാകുളം-പാലക്കാട് മെമു എറണാകുളം ജംങ്ഷനില്‍ നിന്നും യാത്ര ആരംഭിക്കുന്നതിന് പകരം ഇന്ന് ആലുവയില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക.

Tags:    

Similar News