മണ്ണിടിച്ചില്‍; ചൈനയില്‍ അതിവേഗ ട്രെയിന്‍ പാളം തെറ്റി, ലോക്കോ പൈലറ്റ് മരിച്ചു
ബെയ്ജിങ്: തെക്കന്‍ ചൈനയില്‍ അതിവേഗ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ ലോക്കോ പൈലറ്റ് മരണപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ പ്രവിശ്യയായ ഗുയിഷൗ പ്രവശ്യയിലാണ് സംഭവം. പരിക്കേറ്റവര്‍ യാത്രക്കാരാണ്. ഗിയാങ്ങില്‍നിന്നു ഗുവാങ്‌സുവിലേക്ക് പോവുകയായിരുന്ന ഡി 2809 ബുള്ളറ്റ് ട്രെയിനാണ് ഗുയിഷൗവിലെ ഒരു തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനിടെ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.
തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ വച്ചാണ് അര്‍ധരാത്രിയോടെ അപകടമുണ്ടായത്. 136 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും ട്രെയിനിലുണ്ടായിരുന്ന മറ്റ് 136 പേരെ സുരക്ഷിതമായി പുറത്തെടുത്തതായും അധികൃതര്‍ അറിയിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. കനത്ത മഴയുടെയും പര്‍വതപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണിടിച്ചിലുകള്‍ ഈ മേഖലയില്‍ സാധാരണമായിട്ടുണ്ട്.