സി കാറ്റഗറി ജില്ലകളില്‍ തീയറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം; ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സിനിമാ സംഘടനകള്‍ രംഗത്ത് വന്നിരുന്നു

Update: 2022-02-04 07:48 GMT

കോഴിക്കോട്:സി കാറ്റഗറിയില്‍പ്പെട്ട ജില്ലകളിലെ തീയറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്ന് യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

തിങ്കളാഴ്ച രാവിലെ ആദ്യ കേസായി പരിഗണിക്കും. കഴിഞ്ഞ ദിവസം സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. അടച്ചിട്ട എ സി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വര്‍ധിക്കാന്‍ കാരണമാകും എന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.തീയറ്ററുകളോട് യാതൊരു വിവേചനവും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. പൊതുജനാരോഗ്യം മാത്രം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സിനിമാ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. യാതൊരുവിധ ശാസ്ത്രീയ അടിത്തറയും ഇല്ലാതെ ജില്ലാ അടിസ്ഥാനത്തില്‍ തീയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരാക്കിയ സാഹചര്യം തങ്ങള്‍ ആശങ്കയോടെ കാണുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുമെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്. വിഷയത്തില്‍ ഫെഫ്ക ആരോഗ്യമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തു. ബാറുകളും മാളുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തിയേറ്ററുകള്‍ മാത്രം അടക്കുന്നതിന്റെ ശാസ്ത്രീയ വശമെന്തെന്ന് ഫെഫ്ക ചോദിക്കുന്നു.

Tags:    

Similar News