ഹൗസ് സര്‍ജന്‍മാരുടെ പരാതികള്‍ കേള്‍ക്കാന്‍ സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ കോളജുകളില്‍ ഇത്തരം സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കി.

Update: 2022-07-12 12:47 GMT

കോഴിക്കോട്: ഹൗസ് സര്‍ജന്‍മാരുടെ ഡ്യൂട്ടി സമയം തീരുമാനിക്കുമ്പോള്‍ അവശ്യം വേണ്ട വിശ്രമ സമയം അനുവദിക്കണമെന്നും അവരുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരം കാണാനും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍.

മെഡിക്കല്‍ കോളജുകളില്‍ ഇത്തരം സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കി.

24 മുതല്‍ 48 മണിക്കൂര്‍ വരെ ഹൗസ് സര്‍ജന്‍മാരെ ജോലിക്ക് നിയോഗിക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നതെന്നും ജോലിയുടെ പേരില്‍ ഇവര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രി കാല ഡ്യൂട്ടിക്ക് ആവശ്യാനുസരണം നഴ്‌സുമാരെ നിയോഗിക്കാറുണ്ട്. ഹൗസ് സര്‍ജന്‍സി എന്നത് പ്രവൃത്തി പരിചയത്തിന്റെയും പരിശീലനത്തിന്റെയും ഭാഗമാണ്. മറ്റ് തൊഴില്‍ മേഖല പോലെ സമയം നോക്കി നോലി ചെയ്യാന്‍ കഴിയുന്ന ഒന്നല്ല ആരോഗ്യ മേഖല. ചികിത്സാരംഗത്തെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി കൊണ്ടു തന്നെയാണ് വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാനെത്തുന്നത്. മികച്ച ഡോക്ടര്‍മാരായി സമൂഹത്തെ സേവിക്കുക എന്നതാണ് ഡോക്ടര്‍മാരുടെ കര്‍ത്തവ്യം. അതിനാല്‍ പഠിക്കുന്ന കാലത്തെ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് സ്വീകരിച്ച കമ്മിഷന്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. അബു സുരയ്യ സക്രി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Tags:    

Similar News