ഗസ്റ്റ് വാക്‌സ് അവസാന ഘട്ടത്തിലേക്ക്: എറണാകുളം ജില്ലയിലെ 80% ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി

മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് ശനിയാഴ്ച മുതല്‍ ജില്ലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക് , ജില്ലാ ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ല ലേബര്‍ ഓഫീസര്‍ പി എം ഫിറോസ് അറിയിച്ചു

Update: 2021-09-24 10:34 GMT

കൊച്ചി: എറണാകുളം ജില്ലയിലെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് ശനിയാഴ്ച മുതല്‍ ജില്ലയിലെ െ്രെപമറി ഹെല്‍ത്ത് സെന്ററുകളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക് , ജില്ലാ ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ല ലേബര്‍ ഓഫീസര്‍ പി എം ഫിറോസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ തൊട്ടടുത്ത് വാക്‌സിന്‍ സ്ലോട്ട് ലഭ്യമായ വാക്‌സിനേഷന്‍ കേന്ദ്രം മനസ്സിലാക്കി കൊവിന്‍ പോര്‍ട്ടലില്‍ രെജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് ബുക്ക് ചെയ്തത് റഫറന്‍സ് നമ്പര്‍ സഹിതം എത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

വാക്‌സിനേഷന്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്കും അസി. ലേബര്‍ ഓഫീസര്‍മാരുമായും പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിലും ബന്ധപ്പെടാവുന്നതാണ്.ജില്ലയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 80% പൂര്‍ത്തിയായി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തൊഴില്‍ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും , സര്‍ക്കാരിതര സംഘടനകളും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ മാസം അവസാനത്തോടെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തില്‍ ബിപിസിഎല്‍ന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ ആശുപത്രി മെഡിക്കല്‍ പാര്‍ട്ട്‌നറായി നടപ്പിലാക്കുന്ന ക്ലിനിക് ഓണ്‍ വീല്‍സ് പദ്ധതിയും ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷനായി ഉപയോഗപ്പെടുത്തുന്നുണ്ട്‌.

Tags:    

Similar News