കണ്ണൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റിനായി ശ്രമിക്കുമെന്നു മുഖ്യമന്ത്രി
കരിപ്പൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതിനായി സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി. കരിപ്പൂരില്‍ സംസ്ഥാന ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന വനിതാ ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഹജ്ജ് വകുപ്പ് മന്ത്രി കെടി ജലീല്‍, സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പങ്കെടുത്തു.
കേരളത്തില്‍ നിന്നുള്ള ഇത്തവണത്തെ ആദ്യ ഹജ്ജ് വിമാനം ഇന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. ഹജ്ജ് ക്യാംപിനോടനുബന്ധിച്ചു സെല്‍ പ്രവര്‍ത്തനം വെള്ളിയാഴ്ചയും ഹജ്ജ് ക്യാംപ് ഇന്നലെ മുതലും പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇന്നു ഉച്ചക്കു 2.25നാണ് കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. 300 തീര്‍ഥാടകര്‍ വീതമുള്ള സൗദി എയര്‍ലൈന്‍സിന്റെ 36 സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്നുണ്ടാവുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം 13472 പേരാണ് കേരളത്തില്‍ നിന്നു ഹജ്ജിനു പുറപ്പെടുന്നത്. ഇതില്‍ 10732 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും 2740 കൊച്ചി വിമാനത്താവളം വഴിയുമാണ് യാത്ര പോവുക. തീര്‍ഥാടകരില്‍ 60 ശതമാനവും (8026) സ്ത്രീകളാണ്. 19 കുട്ടികളാണ് ഇത്തവണ തീര്‍ഥാടനത്തിനു സംസ്ഥാനത്തു നിന്നും പോവുന്നത്.
മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ 3830 പേര്‍. 3457 പേരുള്ള കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. 70 വയസ്സിനു മുകളിലുള്ള വിഭാഗത്തില്‍ 1199 പേരും 45 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 2011 പേരുമാണ് ഹജ്ജിനു പോവുന്നത്.
അതേസമയം നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം 13നു വൈകീട്ട് മന്ത്രി കെടി ജലീല്‍ നിര്‍വഹിക്കും. 14നു ഉച്ചക്കു 2.10നാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. 340 തീര്‍ഥാടകര്‍ വീതമുള്ള എട്ടു സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്നു എയര്‍ ഇന്ത്യ നടത്തുക.