വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരേ കേസ്
ചാംപ്യന്‍ഷിപ്പ് അശ്രദ്ധമായി നടത്തിയെന്ന കുറ്റംചുമത്തി പാലാ പോലിസാണ് കേസെടുത്തിരിക്കുന്നത്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ആബേല്‍ ജോണ്‍സനാണ് ഗുരുതരമായി പരിക്കേറ്റത്.
കോട്ടയം: പാലായില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലെ ഹാമര്‍ ത്രോ മല്‍സരത്തിനിടെ വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരേ പോലിസ് കേസെടുത്തു. ചാംപ്യന്‍ഷിപ്പ് അശ്രദ്ധമായി നടത്തിയെന്ന കുറ്റംചുമത്തി പാലാ പോലിസാണ് കേസെടുത്തിരിക്കുന്നത്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സനാണ് ഗുരുതരമായി പരിക്കേറ്റത്. അതിനിടെ, പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഫീലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണംചെയ്തിട്ടില്ല.
മീറ്റില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു അഫീല്‍. ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മല്‍സരങ്ങള്‍ നടക്കുകയായിരുന്നു. ഈ സമയം ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്തുമാറ്റാന്‍നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍നിന്ന് ഹാമര്‍ വന്നുവീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പുഗോളം പതിച്ച് അഫീലിന്റെ തലയോട്ടി തകര്‍ന്നു. ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ ആദ്യം പാലായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ജാവലിന്‍, ഹാമര്‍ ത്രോ മല്‍സരങ്ങള്‍ ഒരേസമയത്ത് നടത്തിയത് സംഘാടകരുടെ വീഴ്ചയാണെന്നാണ് ആരോപണം.