കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന്; മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരേ കേസ്
ഭോപാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്. കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ദുരന്തനിവാരണ നിയന്ത്രണ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിക്കുന്നില്ലെന്നായിരുന്നു കമല്‍നാഥിന്റെ പ്രസ്താവന. ബി.1.617 കൊവിഡ് വേരിയന്റിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് ടാഗുചെയ്തായിരുന്നു പരാമര്‍ശം.
ക്രൈംബ്രാഞ്ച് വിവാദപരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ബിജെപി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ബി.1.617 'ഇന്ത്യന്‍ വേരിയന്റ്' ആണെന്ന് ലോകത്തിന് അറിയാമെന്ന് കമല്‍നാഥ് പറഞ്ഞത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരേ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തുവന്നിരുന്നു. കമല്‍നാഥിന്റെ പ്രസ്താവന രാജ്യത്തെ ബഹുമാനിക്കുന്നതല്ലെന്നും 'രാജ്യദ്രോഹത്തിന് തുല്യമല്ലേ' എന്നും തുടര്‍ച്ചയായ ട്വീറ്റുകളില്‍ മുഖ്യമന്ത്രി ചൗഹാന്‍ ചോദിച്ചു.
'മേര ഭാരത് കൊവിഡ്', 'ഇന്ത്യന്‍ കൊറോണ' തുടങ്ങിയ വാക്കുകള്‍ കോണ്‍ഗ്രസിന് അനുയോജ്യമാണോ? മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ മനോവീര്യം അത്തരം പ്രസ്താവനകള്‍ കെടുത്തുകയില്ലേ? ഇത് രാജ്യത്തിന്റെ ബഹുമാനത്തെ ബാധിക്കില്ലേ? അത്തരമൊരു പ്രസ്താവന രാജ്യദ്രോഹത്തിന് തുല്യമല്ലേ? ' ചൗഹാന്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് ബിജെപി കമല്‍നാഥിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.