ജയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് 320 ഡോസ് കൊവാക്‌സിന്‍ കാണാതായി; കേസെടുത്ത് പോലിസ്
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിന്‍ മോഷണം പോയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പോലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 380 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ 320 ഡോസുകള്‍ കാണാതായതായി റിപോര്‍ട്ട്. ജയ്പൂരിലെ കന്‍വാതിയ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് മോഷണം പോയത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിന്‍ മോഷണം പോയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പോലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 380 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാക്‌സിന്‍ കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോള്‍ഡ് സ്റ്റോറേജില്‍നിന്ന് വാക്‌സിന്‍ സെന്ററിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് കൊവാക്‌സിന്‍ മോഷ്ടിച്ചിട്ടുള്ളത്. വാക്‌സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയിക്കുന്നത്. 32 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വാക്‌സിന്‍ ഡോസുകളാണ് മോഷണം പോയത്. ഒരു കുപ്പിയില്‍ 10 ഡോസ് വാക്‌സിനാണുണ്ടാവുക. ആശുപത്രി സൂപ്രണ്ടാണ് സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയത്. അടുത്ത ദിവസം തിങ്കളാഴ്ച 489 വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്തിരുന്നു.
എന്നിരുന്നാലും സ്‌റ്റോക്ക് വിവരം വീണ്ടും പരിശോധിച്ചപ്പോള്‍ 320 ഡോസുകള്‍ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു. വാക്‌സിനുകള്‍ സൂക്ഷിച്ചിരുന്ന കോള്‍ഡ് സ്‌റ്റോറേജ് യൂനിറ്റിന് പുറത്ത് സുരക്ഷാ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. കാവല്‍ക്കാരുണ്ടായിരുന്നിട്ടും വാക്‌സിനുകള്‍ എങ്ങനെ കാണാതായെന്ന് കണ്ടെത്തുന്നതിനു പുറമേ, ആശുപത്രിയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിക്കും. വാക്‌സിന്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയും പോലിസില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ നരോത്തം ശര്‍മ പറഞ്ഞു.
വാക്‌സിന്‍ മോഷണം പോയ സംഭവം വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പരാമര്‍ശിക്കുകയും വാക്‌സിനേഷന്‍ കാംപയിന്‍ തുടരാന്‍ പര്യാപ്തമായ സ്‌റ്റോക്കുകള്‍ രാജസ്ഥാനിലില്ലെന്നും വ്യക്തമാക്കിയത്. കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം അപര്യാപ്തമാണെന്നും ഈ സാഹചര്യത്തില്‍ പല ജില്ലകളിലും വാക്‌സിനേഷന്‍ നിര്‍ത്തേണ്ടിവരുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ മോഷണം പോയ വിവരവും പുറത്തുവരുന്നത്.