ഹാരിസണ്‍ ഭൂമികൈയേറ്റം: സര്‍ക്കാര്‍ നിലപാട് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയെന്ന് വി എം സുധീരന്‍
വിജിലന്‍സ് കേസില്‍ കുറ്റവാളികളായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഇക്കൂട്ടരില്‍നിന്നും ഉപാധികളോടെയാണെങ്കിലും കരം സ്വീകരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. നമ്മുടെ സംസ്ഥാനത്തോടും ജനങ്ങളോടും കൂറുള്ള ആര്‍ക്കുംതന്നെ ഇതൊന്നും അംഗീകരിക്കാനുമാവില്ല.
തിരുവനന്തപുരം: അനധികൃതമായി ഹാരിസണ്‍ കൈയടക്കിയ സര്‍ക്കാര്‍ ഭൂമിക്കും അവര്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റ ഭൂമിക്കും ഉപാധികളോടെ കരം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവും നിയമലംഘകരായ ഹാരിസണെയും കൂട്ടരെയും സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. വിജിലന്‍സ് കേസില്‍ കുറ്റവാളികളായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഇക്കൂട്ടരില്‍നിന്നും ഉപാധികളോടെയാണെങ്കിലും കരം സ്വീകരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. നമ്മുടെ സംസ്ഥാനത്തോടും ജനങ്ങളോടും കൂറുള്ള ആര്‍ക്കുംതന്നെ ഇതൊന്നും അംഗീകരിക്കാനുമാവില്ല.
ഹാരിസണ്‍, ടാറ്റ, എവിടി, ടി ആര്‍ ആന്റ് ടി തുടങ്ങിയ വന്‍കിടക്കാരുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ വ്യഗ്രതകാണിക്കുന്ന നിയമസെക്രട്ടറി തന്റെ കള്ളക്കളികള്‍ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് പുതിയ തന്ത്രങ്ങള്‍ മെനയുന്നതെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ ആരോപിച്ചു. നിയമ സെക്രട്ടറി, മുന്‍ റവന്യൂ സെക്രട്ടറി എന്നിവരെ പോലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് വന്‍ ബാധ്യതയാണ്. ഹാരിസണ്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെയുള്ള കേസുകള്‍ നടത്തുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട സര്‍ക്കാര്‍ നിയമവകുപ്പിനെയും മറ്റ് നിയമസംവിധാനങ്ങളെയും ഇക്കാര്യത്തില്‍ ഇനി ആശ്രയിക്കുന്നത് ആപല്‍കരമാണ്. മനപ്പൂര്‍വം കേസ് തോറ്റുകൊടുക്കുക വഴി സര്‍ക്കാരിനെതിരായ വിധി ഹൈക്കോടതിയില്‍നിന്നും ചോദിച്ചുവാങ്ങിയതാണ്.
യഥാസമയം അപ്പീല്‍, റിവ്യൂ ഹരജി നല്‍കല്‍, നിയമനിര്‍മാണം എന്നീ പ്രതിവിധികളെ ക്കുറിച്ച് എന്തുകൊണ്ട് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നില്ല. അവിടെയാണ് ദുരൂഹതകള്‍ നിലനില്‍ക്കുന്നത്. വളഞ്ഞ വഴിയിലൂടെ ഹാരിസണും കൂട്ടര്‍ക്കുമില്ലാത്ത ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള നീക്കത്തിന് പകരം നിയമനിര്‍മാണം ഉള്‍പ്പടെയുള്ള മറ്റ് നിയമനടപടികള്‍ മുന്നോട്ടുനീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.