ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം ബിലീവിയേഴ്സ് ചർച്ചിനെ സഹായിക്കാൻ!

2560 ഏക്കർ സ്ഥലമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതിൽ ബിലീവേഴ്‌സ് ചർച്ചിന് 2263 ഏക്കർ സ്ഥലം ഉണ്ടെന്നാണ് വാദം. ഹാരിസൺ മലയാളത്തിൽ നിന്നുമാണ് ചർച്ച് വാങ്ങിയത്.

Update: 2019-10-10 16:45 GMT

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കാനുള്ള നീക്കം ബിലീവിയേഴ്സ് ചർച്ചിനെ സഹായിക്കാനെന്ന് ആരോപണം. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നേരത്തെ റവന്യു മന്ത്രി എതിരായിരുന്നു. റവന്യു വകുപ്പ് അറിയാതെയാണ് അന്ന് സർക്കാർ ഇതിനായി കരുക്കൾ നീക്കിയതെന്ന റിപോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഈഎസ്റ്റേറ്റ് ഭൂമി ഭൂരഹിതർക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സമരം നടന്നുവരുന്ന പ്രദേശം കൂടിയാണ് ചെറുവള്ളി. യുഡിഎഫ് സർക്കാരും ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കാൻ ആലോചിച്ചിരുന്നു. എന്നാൽ തീരുമാനത്തിലെത്താൻ അന്നത്തെ ഉമ്മൻ‌ചാണ്ടി സർക്കാരിനായില്ല. പിണറായി സർക്കാർ പ്രത്യേക യോഗം വിളിച്ചാണ് എസ്റ്റേറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.

2560 ഏക്കർ സ്ഥലമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതിൽ ബിലീവേഴ്‌സ് ചർച്ചിന് 2263 ഏക്കർ സ്ഥലം ഉണ്ടെന്നാണ് വാദം. ഹാരിസൺ മലയാളത്തിൽ നിന്നുമാണ് ചർച്ച് വാങ്ങിയത്. ഇക്കാര്യം സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും പാട്ടത്തിന് നൽകിയ പ്ലാന്റേഷൻ ഭൂമി ഹാരിസണിന് വിൽക്കാൻ അധികാരമില്ലെന്നതാണ് സത്യം. തത്വത്തിൽ ഹാരിസണിൻറെ നിയമലംഘനത്തിന് കൂട്ടുനിൽക്കുകയാണെന്നാണ് ആരോപണം.

അതേസമയം സർക്കാർ തീരുമാനത്തിനെതിരേ ബിലീവിലയേഴ്സ് ചർച്ച് രംഗത്തെത്തി. ചെറുവള്ളി എസ്റ്റേറ്റ് തങ്ങളുടേതാണെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നാണ് ചർച്ചിൻറെ വാദം. എന്നാൽ എസ്റ്റേറ്റ് സംബന്ധമായ തർക്കം സിവിൽ കോടതിയിൽ പരിഗണിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടതെന്ന് റവന്യു മന്ത്രി കെ ചന്ദ്രശേഖരൻ പ്രതികരിച്ചു.

എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള തുക കോടതിയിൽ കെട്ടിവയ്ക്കുമെന്നാണ് സർക്കാർ തീരുമാനിച്ചത്. എന്നിട്ടും എസ്റ്റേറ്റ് തങ്ങളുടെ വകയാണെന്ന് സർക്കാർ വാദിക്കുന്നു. എസ്റ്റേറ്റ് സർക്കാർ വകയാണെങ്കിൽ സർക്കാർ എന്തിനാണ് സ്ഥലം ഏറ്റെടുക്കാനുള്ള തുക കോടതിയിൽ കെട്ടി വയ്ക്കുന്നത് എന്നാണ് ബിലീവിയേഴ്സ് ചർച്ച് ചോദിക്കുന്നത്. ഈ തർക്കങ്ങൾ എല്ലാം തന്നെ സ്ഥിരീകരിക്കുന്നത് വലിയൊരു ഒത്തുകളി നടക്കുന്നുണ്ടെന്നാണ്.   

Tags:    

Similar News