ഹാരിസണിന്റെ കരം സ്വീകരിക്കില്ല; റിയ എസ്റ്റേറ്റില്‍ നിന്നും ഉപാധികളോടെ സ്വീകരിക്കും
തിരുവനന്തപുരം: ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള മുഴുവന്‍ തോട്ടങ്ങളില്‍ നിന്ന് ഉപാധികളില്ലാതെ കരം ഈടാക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ പരിഗണിക്കേണ്ടെന്നും ഹാരിസണില്‍ കൈമാറ്റം ചെയ്യപ്പെട്ട തെന്മല റിയ എസ്റ്റേറ്റില്‍ നിന്ന് ഉപാധികളോടെ കരം വാങ്ങാമെന്നും ധാരണയായി. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ഇക്കാര്യത്തിലുള്ള ഹൈക്കോടതി വിധി നടപ്പാക്കാനും റവന്യൂ വകുപ്പ് നടപടി തുടങ്ങി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണിച്ചേക്കും.
ഉപാധികളില്ലാതെ കരം സ്വീകരിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തിടുക്കപ്പെട്ട് ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള നീക്കം റവന്യുമന്ത്രി ഇടപെട്ട് തടഞ്ഞിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്നും സാവകാശം വേണമെന്നും പറഞ്ഞ് മന്ത്രി ഫയല്‍ മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ചര്‍ച്ച നടത്തിയത്. തെന്മല റിയ എസ്റ്റേറ്റില്‍ നിന്ന് കരം ഈടാക്കി പോക്കുവരവ് ചെയ്ത് കൊടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതായി വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൂതിയ തീരുമാനം.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരിന് സിവില്‍ കേസ് ഫയല്‍ ചെയ്യാമെന്ന കോടതിവിധി നിലനില്‍ക്കുന്നതിനാള്‍ ഇതും കൂടി പരിഗണിച്ചാവും നടപടി. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമവിധേയമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചുവെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.