പ്രിയ, റിയ എസ്റ്റേറ്റുകളുടെ കരം സ്വീകരിച്ചതില്‍ ക്രമക്കേടെന്ന് പരാതി; കൊല്ലം കലക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആര്യങ്കാവിലെ പ്രിയ, റിയ എസ്റ്റേറ്റുകളില്‍നിന്ന് കരം സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.എസ് കാര്‍ത്തികേയന്‍ അനാവശ്യ തിടുക്കം കാട്ടിയെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
കൊല്ലം: എസ്റ്റേറ്റുകളില്‍ നിന്നും കരം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കലക്ടര്‍ക്കെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആര്യങ്കാവിലെ പ്രിയ, റിയ എസ്റ്റേറ്റുകളില്‍നിന്ന് കരം സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.എസ് കാര്‍ത്തികേയന്‍ അനാവശ്യ തിടുക്കം കാട്ടിയെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരാതി പരിശോധിക്കുന്നതിന് വിജിലന്‍സ് കൊല്ലം യൂനിറ്റിന് കൈമാറി. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് അന്വേഷണം നടത്തുക.
റിയ എസ്റ്റേറ്റിന്റെ കൈവശമുള്ള 83.32 ഹെക്ടര്‍ ഭൂമിയുടെ നികുതി തെന്മല വില്ലേജ് ഓഫീസറാണ് സ്വീകരിച്ചത്. റിയ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഉപാധികളോടെ മാത്രമേ കരം സ്വീകരിക്കാവൂ എന്ന് റവന്യൂ മന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു മറികടന്ന് വില്ലേജ് ഓഫീസര്‍ കരം സ്വീകരിക്കുകയായിരുന്നു. റിയാ എസ്റ്റേറ്റിന്റെ കരം സ്വീകരിച്ച നടപടിയില്‍ കൊല്ലം ജില്ലാ കലക്ടറോട് റവന്യൂമന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
വിവാദമായ പ്രിയ എസ്റ്റേറ്റിന്റെ 500 ഏക്കറിനാണ് 11 ലക്ഷം ഈടാക്കി ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ കരം ഒടുക്കിയത്. ഒരു ദിവസം കൊണ്ട് വിവാദ ഭൂമിയില്‍ കരം ഒടുക്കിക്കൊടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. തഹസില്‍ദാരുടെ കുറിപ്പോടെയാണ് വില്ലേജ് ഓഫീസര്‍ കരം ഒടുക്കിയത്. സംഭവം വാര്‍ത്തയായതോടെ കരം സ്വീകരിച്ച നടപടി റദ്ദാക്കി വീഴ്ചവരുത്തിയ ആര്യങ്കാവ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തി തഹസില്‍ദാരെയും മാറ്റി. എന്നാല്‍ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കരം സ്വീകരിച്ചതെന്ന് വില്ലേജ് ഓഫീസര്‍ വെളിപ്പെടുത്തുകയും പിന്നാലെ പരാതി ലഭിക്കുകയും ചെയ്തതോടെയാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.