നീതി പുലരാതെ ഹാഥ്‌റസ്; കാംപസ് ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

Update: 2021-10-23 04:23 GMT

തിരുവനന്തപുരം: ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ യുപി പോലിസ് ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. എ അബ്ദുല്‍ സത്താര്‍, തുളസീധരന്‍ പള്ളിക്കല്‍, സജീദ് ഖാലിദ്, വിളയോടി ശിവന്‍കുട്ടി, സണ്ണി എം കപിക്കാട്, കെ കെ ബാബുരാജ്, തശ്‌രീഫ്, ജാസിം വെയിലൂര്‍, ഫായിസ് കണിച്ചേരി, എ എസ് മുസമ്മില്‍ എന്നിവര്‍ പങ്കെടുക്കും.

രാജ്ഭവന്‍ മാര്‍ച്ച് സംഘപരിവാര്‍ പ്രതികാര രാഷ്ട്രീയത്തിനെതിരേയുള്ള വിദ്യാര്‍ഥികളുടെ ശക്തമായ പ്രക്ഷോഭമായിരിക്കുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ അറിയിച്ചു. ഒരുവര്‍ഷം മുമ്പാണ് ഹാഥ്‌റസില്‍ ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആ കുട്ടിയുടെ കുടുംബത്തിന് ഇപ്പോഴും നീതിലഭ്യമായിട്ടില്ലെന്ന് മാത്രമല്ല, ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ട്രഷറര്‍ അതീഖുര്‍ റഹ്മാനും, ഡല്‍ഹി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മസൂദ് ഖാനും, മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും, അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആലവും അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഒരുവര്‍ഷം പിന്നിടുകയാണ്.

കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷരീഫിനെയും ഈ വിഷയവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തു. സംഘപരിവാര പ്രത്യയശാസ്ത്രത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റുചെയ്യുന്ന സംഘപരിവാര പ്രതികാര രാഷ്ട്രീയത്തെ വിദ്യാര്‍ഥി സമൂഹം ചെറുത്തുതോല്‍പ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി ജില്ലകള്‍ കേന്ദ്രീകരിച്ച് ഐക്യദാര്‍ഢ്യസംഗമങ്ങള്‍ സംഘടിപ്പിച്ചു.

Tags:    

Similar News