ശ്രീറാമിനെ തിരിച്ചെടുത്തതിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കിടയിൽ അമർഷം

മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുമായി കൂടിയാലോചിച്ചാണ് ശ്രീറാമിനെ തിരിച്ചെടുത്തത് എന്നുള്ള സർക്കാർ വാദം വിവാദമായിരുന്നു.

Update: 2020-03-30 07:15 GMT

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യവകുപ്പിൽ സേവനം ആരംഭിച്ചു. സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞദിവസമാണ് സർക്കാർ സർവീസിൽ തിരികെ പ്രവേശിപ്പിച്ചത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് ജീവനക്കാർക്കിടയിൽ അമർഷം പുകയുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുമായി കൂടിയാലോചിച്ചാണ് ശ്രീറാമിനെ തിരിച്ചെടുത്തത് എന്നുള്ള സർക്കാർ വാദം വിവാദമായിരുന്നു.

ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമന്‍ കോവിഡ്19 രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനചുമതലയാണു നിർവഹിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിളിച്ച യോഗങ്ങളിലായിരുന്നു സസ്പെന്‍ഷനുശേഷം തിരിച്ചെത്തിയ ശ്രീറാം പ്രധാനമായും പങ്കെടുത്ത യോഗങ്ങള്‍. ശ്രീറാമിന്റെ നിയമനത്തിൽ ആരോഗ്യവകുപ്പിലെ തന്നെ ചില കേന്ദ്രങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെ ജീവനക്കാർ സാക്ഷികളായി മൊഴി നൽകേണ്ടതിനാൽ, അത്തരം കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പിൽ നിയമിക്കുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ശ്രീറാമിന് എതിരെ തെളിവില്ലെന്നും ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നൽകിയ ശുപാർശ പരിഗണിച്ചാണു സർക്കാർ തിരിച്ചെടുത്തത്. ഡോക്ടറാണെന്നതും പൊതുജനാരോഗ്യ മേഖലയിൽ വിദേശത്ത് ഉന്നതപഠനം നടത്തിയിട്ടുണ്ടെന്നതും ശ്രീറാമിനെ ആരോഗ്യവകുപ്പിൽ നിയമിക്കുന്നതിനു കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഈ നീക്കം ഏകപക്ഷീയമാണെന്നും എതിർപ്പ് അറിയിച്ചിരുന്നതായും മാധ്യമ പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Tags:    

Similar News