സ്ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി; പ്രചരണം ശരിയല്ലെന്ന് ചെന്നിത്തല
ഡിവൈഎഫ്ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍കാരും പീഢിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്.
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ വാർത്താസമ്മേളനത്തിലെ ചില വാചകം സംബന്ധിക്കുന്ന പ്രചരണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 'ഞാന്‍ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് എന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ഞാന്‍ മറുപടി നല്‍കി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡിവൈഎഫ്ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍കാരും പീഢിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. എന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഢനം പാടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
സിപിഎം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ എന്റെ വാർത്താസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. കൊവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ചെന്നിത്തല പറഞ്ഞു.