തെക്കൻ കേരളത്തിൽ കനത്ത മഴ; തലസ്ഥാന ജില്ലയിൽ വ്യാപക നാശം, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു
കുറ്റിച്ചൽ, കരിപ്പൂർ, നെടുമങ്ങാട് ഭാഗങ്ങളിൽ വീടുകളിലും റോഡുകളിലും കോവളത്ത് വെങ്ങാനൂർ ഭാഗങ്ങളിൽ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാർഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തിൽ മുങ്ങി.
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എസ്എസ് കോവിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിയാർ കരകവിഞ്ഞതോടെ മണി കണ്ഠേശ്വരം റോഡ് മുങ്ങി. ജില്ല കലക്ടർ കെ ഗോപാലകൃഷ്ണൻ തലസ്ഥാനത്തു വെള്ളം കയറിയ സ്ഥലങ്ങളായ വേളി, ചാല എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മേയർ കെ ശ്രീകുമാർ തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ വെള്ളം കയറിയ സ്ഥലം ഉടൻ സന്ദർശിക്കും.
കുറ്റിച്ചൽ, കരിപ്പൂർ, നെടുമങ്ങാട് ഭാഗങ്ങളിൽ വീടുകളിലും റോഡുകളിലും കോവളത്ത് വെങ്ങാനൂർ ഭാഗങ്ങളിൽ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാർഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തിൽ മുങ്ങി. വാളിക്കോട് ജങ്ഷനിൽ നിന്നും കുറക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ മതിൽ ഇടിഞ്ഞു വീണു. തോടിൽ നിന്ന് സമീപത്തെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി. വീടുകളുടെ മതിലും ഇടിഞ്ഞിട്ടുണ്ട്. വാളിക്കോട് പുളിഞ്ചിയിൽ കല്ലുകെട്ട് ഒലിച്ചു പോയി. വാളിക്കോട് ജങ്ഷനിലെ യമഹ ഷോറൂമിന് സമീപം വെള്ളം കയറി. പത്താംകല്ല് ചെറിയ പാലത്തിന് സമീപവും കിളളിയാർ കരകവിഞ്ഞ് ഒഴുകുകയാണ്. മറുകരയിലെ റോഡും വെള്ളത്തിലായി. നിരവധി വിടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്.
മലയോര മേഖലകളിലും ജാഗ്രതാ നിർദേശം തുടരുകയാണ്. വടക്കൻ കേരളത്തിൽ സാമാന്യം തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാൽ ജാഗ്രതാ നിർദേശം തുടരുന്നു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
മധ്യകേരളത്തിൽ ഇന്നലെ രാത്രിമുതൽ ഇന്ന് പുലർച്ചെ വരെ അതിശക്തമായ മഴയായിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ മന്ത്രി വി എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ഇന്നലെ കളക്ടറേറ്റിൽ മീറ്റിങ് നടന്നിരുന്നു. നഗരത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി സജീവമായി നടക്കുന്നുണ്ട്.