കാലവര്‍ഷം: എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; ജില്ലയില്‍ 16 ക്യാംപുകള്‍ തുറന്നു

ജില്ലയില്‍ 16 ക്യാംപുകളിലായി 475 ആളുകളെ മാറ്റിയിട്ടുണ്ട്. 213 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 183 പുരുഷന്മാരും 243 സ്ത്രീകളും 49 കുട്ടികളും മൂന്ന് ഭിന്നശേഷിക്കാരും ക്യാംപുകളിലുണ്ട്. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

Update: 2020-08-07 14:47 GMT

കൊച്ചി: കനത്ത മഴയില്‍ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ തുടങ്ങി. ജില്ലയില്‍ 16 ക്യാംപുകളിലായി 475 ആളുകളെ മാറ്റിയിട്ടുണ്ട്. 213 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 183 പുരുഷന്മാരും 243 സ്ത്രീകളും 49 കുട്ടികളും മൂന്ന് ഭിന്നശേഷിക്കാരും ക്യാംപുകളിലുണ്ട്. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

കോതമംഗലം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടിലാണ്. നെല്ലിക്കുഴിയില്‍ വീടിനു ഭീഷണിയായി മണ്‍തിട്ട നില്‍ക്കുന്നതിനാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നല്‍കി. കുട്ടമ്പുഴയില്‍ പ്ലാവ് മറിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അഞ്ചു ദിവസമായി മുങ്ങി കിടക്കുന്ന മണികണ്ഠനാല്‍ ചപ്പാത്തില്‍ മറുകരയുള്ളവര്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. താലൂക്കില്‍ 6 ക്യാംപുകളാണ് തുറന്നിരിക്കുന്നത്. 60 കുടുംബങ്ങള്‍ ക്യാംപിലുണ്ട്. രണ്ട് ഭിന്നശേഷിക്കാരും രണ്ട് കുട്ടികളും ഉള്‍പ്പടെ 137 ആളുകള്‍ ക്യാംപുകളിലുണ്ട്.


കടല്‍കയറ്റം രൂക്ഷമായ ചെല്ലാനം ഉള്‍പ്പെടുന്ന കൊച്ചി താലൂക്കില്‍ രണ്ട് ക്യാംപുകളാണുള്ളത്. ഇന്നലെ പുതിയ ക്യാംപുകള്‍ തുറന്നിട്ടില്ല. 89 കുടുംബങ്ങളിലെ 178 പേര്‍ ക്യാംപുകളിലുണ്ട്. ബസാര്‍ തോടിലെ കല്ലും മണ്ണും നീക്കം ചെയ്യാന്‍ ഹിറ്റാച്ചി എത്തിച്ചു.ഇന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.കണയന്നൂര്‍ താലൂക്കില്‍ ഇടപ്പള്ളി നോര്‍ത്ത് വില്ലേജില്‍ കുന്നുംപുറം വി വി എച്ച് എസ് , എളംകുളം വില്ലേജില്‍ കെ വി കടവന്ത്ര സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ചേരാനല്ലൂര്‍ , കടമക്കുടി എന്നിവിടങ്ങളിലും ക്യാംപുകള്‍ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. മുവാറ്റുപുഴ താലൂക്കില്‍ മൂന്ന് ക്യാംപുകള്‍ തുറന്നു. 9 കുടുംബങ്ങളിലെ 37 പേര്‍ ക്യാംപിലുണ്ട്. പറവൂര്‍, ആലുവ താലൂക്കുകളിലും രണ്ട് ക്യാംപുകള്‍ വീതം തുറന്നു.

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മൂന്നാറിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 52 അംഗ സംഘം പുറപ്പെട്ടു. ഭൂതത്താന്‍കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ അളവ് സ്ഥിരമായി പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ഇബിയും ജലസേചന വകുപ്പും സംയുക്തമായി ദിവസേന അഞ്ച് തവണയാണ് വെള്ളത്തിന്റെ അളവ് എടുക്കുന്നത്. ഇടുക്കി ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞ് 24 മണിക്കൂറിനിടെ 73.53 മി.മീ മഴയാണ് ലഭിച്ചത്.


പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഫ്‌ളഡ് ലവല്‍ കടന്നു.മലങ്കര ഡാം തുറക്കുന്ന സാഹചര്യത്തില്‍ മുവാറ്റുപുഴയാറില്‍ ഒരടി കൂടി ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്താന്‍ സാധിക്കുന്ന 650 ക്യാംപുകള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. 1,30,000 പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഈ ക്യാംപുകളില്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കലക്ടര്‍ എസ് സുഹാസ് ആവശ്യപ്പെട്ടു.കനത്ത മഴയില്‍ കുട്ടമ്പുഴ, പിണ്ടിമന, വാരപ്പെട്ടി, പല്ലാരിമംഗലം വില്ലേജില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു 

Tags:    

Similar News