കൂട്ടിക്കലിൽ വീണ്ടും ഉരുൾപൊട്ടൽ; ഇരുപത് കുടുംബങ്ങൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
ഏന്തയാർ, ഇളംകാട് മേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. ഉരുൾപൊട്ടലും മഴ ശക്തിപ്രാപിച്ചതും കൂടിയായതോടെ പുല്ലകയാറ്റിലെ ജലനിരപ്പുയർന്നു.
കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ. കൂട്ടിക്കലിലെ ഇളംകാട് മ്ളാക്കരയിലാണ് ഇത്തവണ ഉരുൾപൊട്ടിയത്. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങൾ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാശനഷ്ടം ഒന്നും ഇതുവരെയും റിപോർട്ട് ചെയ്തിട്ടില്ല.
ഏന്തയാർ, ഇളംകാട് മേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. ഉരുൾപൊട്ടലും മഴ ശക്തിപ്രാപിച്ചതും കൂടിയായതോടെ പുല്ലകയാറ്റിലെ ജലനിരപ്പുയർന്നു. മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഫയർഫോഴ്സ്, പോലിസ്, ജനപ്രതിനിധി സംഘങ്ങൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണയും കോട്ടയം കുട്ടിക്കൽ പഞ്ചായത്തിലായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. ഇത്തവണ ആൾപ്പാർക്കുള്ള സ്ഥലത്തല്ല ഉരുൾപ്പൊട്ടലുണ്ടായതെങ്കിലും പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.