കേരളത്തില്‍ ഇടിയോടുകൂടിയ ശക്തമായ മഴ അഞ്ചുദിവസംകൂടി; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മണിക്കൂറില്‍ 30 മുതല്‍ 50 കിമീ വരെ വേഗതയില്‍ കാറ്റും ഇടിമിന്നലും മെയ് 21 വരെ തുടരാന്‍ സാധ്യതയുണ്ട്. കേരള തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനു പോവാന്‍ പാടുള്ളതല്ല.
തിരുവനന്തപുരം: വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചുദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2020 മെയ് 20 മുതല്‍ 21 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രതപാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു.
മണിക്കൂറില്‍ 30 മുതല്‍ 50 കിമീ വരെ വേഗതയില്‍ കാറ്റും ഇടിമിന്നലും മെയ് 21 വരെ തുടരാന്‍ സാധ്യതയുണ്ട്. കേരള തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനു പോവാന്‍ പാടുള്ളതല്ല. കേരള തീരത്തും കന്യാകുമാരി,ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആയതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോവാന്‍ പാടില്ല.
ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേല്‍പറഞ്ഞ പ്രദേശങ്ങളിലും മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോവരുത്. അംപന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലും,വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 150 മുതല്‍ 160 കിമി വേഗതയിലും ചില അവസരങ്ങളില്‍ 180 കി മി വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മധ്യപടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 6 മണിക്കൂറിലും തുടര്‍ന്നുള്ള 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും സമുദ്രസ്ഥിതി അതിപ്രക്ഷുബ്ധമായി തുടരും. അതിനാല്‍, അടുത്ത 24 മണിക്കൂറില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലും വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മല്‍സ്യബന്ധനത്തിന് പോവരുത്. തെക്ക് തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് കുളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ 2.5 മീ. മുതല്‍ 3.1 മീ. വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ട്. മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇടിമിന്നലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രതപാലിക്കണം.
ചെറുവള്ളങ്ങളിലും മറ്റും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. ആയതിനാല്‍ ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കും. ബോട്ടുകളില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഡെക്കില്‍ ഇറങ്ങിനില്‍ക്കുന്നത് ഒഴിവാക്കണം. അകത്ത് സുരക്ഷിതമായി ഇരിക്കണം. മല്‍സ്യത്തൊഴിലാളികളുടെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സുരക്ഷിതമാക്കിവയ്ക്കാന്‍ ശ്രമിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.