കനത്ത കാറ്റും മഴയും; കോട്ടയം ജില്ലയിലും വ്യാപക നാശനഷ്ടം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ദുരന്തനിവാരണവുമായി ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള സജ്ജീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു.

Update: 2021-05-15 09:45 GMT

കോട്ടയം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസമായി ശക്തമായ മഴയിലും കാറ്റിലും കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി വീടുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. മരം വീണ് നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. മരം വീണും വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടിവീണും ഗതാഗതം സ്തംഭിച്ചു. പാലാ കരൂരില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമുണ്ടായി. നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു.


 മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ചില വീടുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുകളുണ്ട്. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം താറുമാറായ നിലയിലാണ്. രാമപുരം വില്ലേജില്‍ വീടിന് മുകളില്‍ മരം വീണു ഭാഗിക നാശമുണ്ടായി. പിഴകില്‍ ബേബി കാക്കിയാനിയില്‍, വെള്ളം നീക്കിപ്പാറയില്‍ പ്രകാശ് കല്ലംകുഴിയില്‍, വെള്ളം നീക്കിപ്പാറയില്‍ തങ്കച്ചന്‍ മലേമുണ്ടയില്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. എരുമേലി തെക്ക് വില്ലേജില്‍ പട്ടാണിപീടികയില്‍ ലൈല അബ്ദുല്‍ കരീമിന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.


 ഏറ്റുമാനൂര്‍ കട്ടച്ചിറ പുത്തേട്ട് ഹരിദാസിന്റെ വീടിന് മുകളില്‍ തേക്കുമരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. ശക്തമായ മഴയെത്തുടര്‍ന്ന് മൂലേപ്ലാവ്- മണിമല റോഡില്‍ മണിമല ടൗണ്‍ തുടങ്ങുന്നിടത്തു റോഡിന്റെ തിട്ടയിടിഞ്ഞ് ആറ്റിലേക്കു നിലംപൊത്തി. പ്രകാശ് മണിമല നടത്തിവന്ന ട്യൂഷന്‍ സെന്റര്‍ കനത്ത മഴയില്‍ മണിമലയാറ്റില്‍ പതിച്ചു.


 കെട്ടിടവും ബെഞ്ചുകളും ഡസ്‌കുകളും നിരവധി ബുക്കുകളുമുള്‍പ്പെയുള്ള പഠനസാമഗ്രികള്‍ മണിമലയാറ്റിലൂടെ ഒഴുകിപ്പോയി. കോട്ടയം താലൂക്കില്‍ നാട്ടകം വില്ലേജില്‍ ഗവ. ചിങ്ങവനം യുപിഎസ് സ്‌കൂളില്‍ ക്യാംപ് തുടങ്ങി.


 പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. മണിമല, അച്ചന്‍കോവില്‍ നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജലകമ്മീഷന്‍ വിലയിരുത്തിയത്. കനത്ത മഴയില്‍ ജില്ലയില്‍ വ്യാപകമായ കൃഷി നാശവുമുണ്ടായി. വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച കനത്ത മഴയില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് ജില്ലയില്‍ നശിച്ചത്. നാട്ടകത്തും, നീലിമംഗലത്തും, കുമ്മനത്തും ഏക്കര്‍ കണക്കിന് കൃഷി ഭൂമിയാണ് നശിച്ചത്.


 പലയിടത്തും മടതകര്‍ന്ന് പാടം മുഴുവനും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കുമാരനല്ലൂര്‍ നീലിമംഗലം പാടശേഖരത്തില്‍ ഇന്ന് രാവിലെയാണ് വെള്ളം നിറഞ്ഞത്. വെള്ളം നിറഞ്ഞതോടെ 25 ഏക്കറിലെ നെല്‍കൃഷി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നെല്ല് വീണ്ടെടുക്കാനാവാതെ വന്നതോടെ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വടവാതൂര്‍ വിജയപുരം പുഞ്ചയിലെ 28 ഏക്കറോളം പാടത്തെ കൃഷിയാണ് നശിച്ചത്. കര്‍ഷകരുടെ മാസങ്ങള്‍ നീണ്ട അധ്വാനമാണ് പാടത്തെ കൊയ്ത്ത് പോലും പൂര്‍ത്തിയാക്കാനാവാതെ നഷ്ടപ്പെട്ടു പോയത്. കഴിഞ്ഞ ദിവസം ഈ പാടത്തെ കൃഷി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഇവിടെ വെള്ളം നിറഞ്ഞു.


 ഏറ്റുമാനൂര്‍ കട്ടച്ചിറപ്പുഞ്ചയും കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി. ഈയാഴ്ച ഈ പാടശേഖരത്തില്‍ കൊയ്ത്ത് നടത്താനിരുന്നതായിരുന്നു. ഇതിനിടെയാണ് ഇവിടെ മഴ പെയ്ത് പാടം മുഴുവന്‍ വെള്ളത്തിലായത്. നാട്ടകം കാക്കൂര്‍ ചമ്പന്‍വേലി പാടത്തും കനത്ത മഴയില്‍ മടവീണു. ഇവിടെയും ഏക്കര്‍ കണക്കിന് ഭൂമിയാണ് വെള്ളത്തിലായത്. പത്തിലേറെ കര്‍ഷകര്‍ ചേര്‍ന്ന് വിത്തിറക്കിയ കുമ്മനം അകത്തുപാടത്ത് കൊയ്ത്ത് ആരംഭിച്ചിരുന്നു. എന്നാല്‍, കൊയ്ത്ത് പൂര്‍ത്തിയാക്കും മുമ്പ് ഇവിടെ മടവീണു. 15 ഏക്കറിലെ കൃഷിയാണ് ഇവിടെ വെള്ളത്തിനടിയിലായി നശിച്ചുപോയത്.


 കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ദുരന്തനിവാരണവുമായി ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള സജ്ജീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ജില്ലാതലം മുതല്‍ തദ്ദേശസ്ഥാപന തലംവരെയുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ നേതൃത്വത്തില്‍ വിലയിരുത്തി. അടിയന്തര ഘട്ടത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാണ്. കാലതാമസം കൂടാതെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ക്യാംപുകളുടെ താക്കോലുകള്‍ വില്ലേജ് ഓഫിസര്‍മാരാണ് സൂക്ഷിക്കുന്നത്.


 കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പൂര്‍ണമായും ഉറപ്പാക്കിയാകും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. ക്യാമ്പുകളില്‍ കോവിഡ് ആന്റിജന്‍ പരിശോധനയ്ക്കും ക്രമീകരണം ഏര്‍പ്പെടുത്തും. ജില്ലാ തലത്തിലും താലൂക്ക് ഓഫിസുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. പോലിസും, ഫോഴ്‌സും അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമാണ്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും തുടര്‍ച്ചയായി മഴപെയ്‌തെങ്കിലും മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് വെള്ളിയാഴ്ച വൈകുന്നേരവും ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. ജലസേചന വകുപ്പിന്റെ ഹൈഡ്രോളജി വിഭാഗം നദികളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. താഴ്ന്ന മേഖലകളില്‍ പലയിടത്തും വെള്ളക്കെട്ടുകളുണ്ടായെങ്കിലും ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിട്ടില്ല.

കൊവിഡ് ചികില്‍സാ, പരിചരണ കേന്ദ്രങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ കൊവിഡ് ചികില്‍സാകേന്ദ്രങ്ങളില്‍ ജനറേറ്ററുകള്‍ സജ്ജമാക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുതമലപ്പെടുത്തി. ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കൂടുതല്‍ വളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോളും ശുചിത്വവും ഉറപ്പുവരുത്താന്‍ ഇവര്‍ ശ്രദ്ധിക്കും. കുറിച്ചിയില്‍ ഇന്നലെ രാവിലെയുണ്ടായ വെള്ളക്കെട്ട് ഗ്രാമപ്പഞ്ചായത്തും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിട്ട് പരിഹരിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി പ്രദേശത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ കലക്ടറേറ്റ് 0481- 2565400, 0481- 2566300, 9446562236.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

മീനച്ചില്‍: 04822 212325

ചങ്ങനാശ്ശേരി: 0481 2420037

കോട്ടയം: 0481 2568007

കാഞ്ഞിരപ്പള്ളി: 04828 202331

വൈക്കം: 04829 231331

Tags:    

Similar News