കോട്ടയം ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാംപുകള്‍; 145 പേരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി
കോട്ടയം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 50 കുടുംബങ്ങളിലെ 145 പേരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി അഞ്ച്, മീനച്ചില്‍ നാല് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് മേച്ചാല്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ (2 കുടുംബം, 11 പേര്‍), മൂന്നിലവ് എരുമപ്രാപള്ളി ഓഡിറ്റോറിയം (5 കുടുംബം, 19 പേര്‍), തീക്കോയി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയം(ഒരു കുടുംബം, 4 പേര്‍), തലനാട് അടുക്കം ഗവണ്‍മെന്റ് എച്ച്.എസ്.എസ്.(6 കുടുംബം, 7 പേര്‍) എന്നിവിടങ്ങളിലാണ് ക്യാംപ്.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ കെ.എം.ജെ. പബ്ലിക് സ്‌കൂള്‍(16 കുടുംബം, 37 പേര്‍), കൂട്ടിക്കല്‍ ജെ.ജെ. മര്‍ഫി സ്‌കൂള്‍(11 കുടുംബം, 39 പേര്‍), കൂട്ടിക്കല്‍ പ്ലാപ്പള്ളി ഗവ. എല്‍.പി. സ്‌കൂള്‍(6 കുടുംബം, 17 പേര്‍), കൂട്ടിക്കല്‍ കാവാലി പാരിഷ് ഹാള്‍(2 കുടുംബം, 6 പേര്‍), ചെറുവള്ളി ഗവ. എല്‍.പി.എസ്(1 കുടുംബം, 5 പേര്‍) എന്നിവിടങ്ങളിലാണ് ക്യാംപ്.
മഴക്കെടുതി നേരിടാന്‍ വകുപ്പുകള്‍ സജ്ജം
കോട്ടയം: മഴക്കെടുതി നേരിടുന്നതിന് പൂര്‍ണസജ്ജമാകാന്‍ എല്ലാ വകുപ്പുകള്‍ക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സേവനനിരതരാകണം. മഴക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ഇന്ന്(ഓഗസ്റ്റ് ഒന്നിന്) രാത്രി ഈരാറ്റുപേട്ടയിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചെന്നൈയില്‍ നിന്നാണ് സംഘം എത്തുക. കുറ്റിപ്പാറ ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ ക്യാംപ് ചെയ്യും. ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല.
ക്യാംപുകള്‍ സജ്ജമാക്കാനും ദുരിതസാധ്യത മേഖലയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും നടപടിയായി. ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കാന്‍ താലൂക്കുതലത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തിക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
പാലങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ അടിയന്തരമായി നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം. മലയോര മേഖലയിലേക്ക് വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ യാത്രാനിരോധനം ഏര്‍പ്പെടുത്തി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. മലയോരമേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ക്യാംപുകളുടെ സുരക്ഷയ്ക്കടക്കം കൂടുതല്‍ പൊലീസിനെ നിയോഗിക്കും. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഹൗസ്‌ബോട്ടുകള്‍, ശിക്കാരകള്‍ എന്നിവ സര്‍വീസ് നടത്തുന്നത് നിരോധിച്ചു. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയടക്കം ബാധിക്കുമെന്നതിനാല്‍ വെള്ളപ്പൊക്ക ബാധിത, ഉരുള്‍പൊട്ടല്‍ മേഖലകള്‍ അനാവശ്യമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. നദികളില്‍ ഇറങ്ങരുത്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ വള്ളങ്ങള്‍, യന്ത്രങ്ങള്‍, വാഹനങ്ങള്‍, ബോട്ടുകള്‍ എന്നിവ കണ്ടെത്തി തയാറാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മലയോരമേഖലയിലെ മഴക്കെടുതി; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചൊവ്വാഴ്ച മുണ്ടക്കയത്ത്
കോട്ടയം: ജില്ലയിലെ മലയോരമേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ചൊവ്വാഴ്ച (ആഗസ്ത് 2) രാവിലെ 10.30ന് മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ യോഗം ചേരും. എം.എല്‍.എ.മാര്‍, ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, റവന്യൂ, തദ്ദേശസ്വയംഭരണം, പൊലിസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.