കോട്ടയം ജില്ലയില്‍ ആഗസ്ത് മൂന്നുവരെ റെഡ് അലര്‍ട്ട്, കൂട്ടിക്കലില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2022-08-01 12:18 GMT

കോട്ടയം: കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയുടെ മലയോരമേഖല പൂര്‍ണമായും വെള്ളത്തിലായി. ഈരാറ്റുപേട്ട, പാലാ, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി, മൂന്നിലവ് തുടങ്ങിയ മേഖലകളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മണിമലയാറ്റിലും മീനച്ചിലാറ്റിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. കൂട്ടിക്കല്‍ ചപ്പാത്തും മുണ്ടക്കയം കോസ്‌വേയും മുങ്ങി. പഴയിടം പാലത്തിലും വെള്ളം കയറി. പാലത്തില്‍ വന്നടിഞ്ഞ മരങ്ങളും മറ്റും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലയില്‍ ചിലയിടത്ത് മണ്ണിടിഞ്ഞ് വീണ് റോഗ് ഗതാഗതം താറുമാറായി.


 ജെസിബി ഉപയോഗിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. മൂന്നിലവ് പഞ്ചായത്ത് ഓഫിസിനും മണ്ണിടിഞ്ഞ് വീണ് കേടുപാടുണ്ടായി. കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ ചപ്പാത്തില്‍ നിന്ന് ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കന്നുപറമ്പില്‍ റിയാസ് (45) എന്ന വ്യക്തിയാണ് ഒഴുകിപ്പോയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലാ മുതല്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. ഈരാറ്റുപേട്ട- പാലാ റോഡ് ഗതാഗതം ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശത്തിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കൂട്ടിക്കല്‍ ചപ്പാത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കന്നുപറമ്പില്‍ റിയാസ്

 പലയിടത്തും ഉരുള്‍ പൊട്ടിയതാണ് ആറുകളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണമായത്. മേലുകാവിലും കൂട്ടിക്കലിലും ഉരുള്‍പൊട്ടിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ആഗസ്ത് മൂന്നുവരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച (ആഗസ്ത് 2) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കും.

മേലുകാവ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കാഞ്ഞിരം കവല- മേച്ചാല്‍ റോഡില്‍ വാളകം ഭാഗത്തും നെല്ലാപ്പാറ- മൂന്നിലവ് റോഡില്‍ വെള്ളറ ഭാഗത്തും കടവ് പുഴ മേച്ചാല്‍ റോഡ് ഭാഗത്തും മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇല്ലിക്കക്കല്ല് ഇലവീഴാപൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ മലയാളികളായ 25 ഓളം പേര്‍ കുടുങ്ങി. തിരികെ പോവാന്‍ സാധിക്കാതെ ഇവര്‍ മേച്ചാല്‍ ഗവണ്‍മെന്റ് എല്‍പിഎസ് സ്‌കൂളിലും തൊട്ടടുത്ത വീടുകളിലുമായി സുരക്ഷിതരായി കഴിയുന്നുണ്ട്. കൂടാതെ ഈ സ്‌കൂളില്‍ പള്ളിക്കുന്നേല്‍ സുരേഷിന്റെ വീട്ടില്‍നിന്നും ആറും എരുമേലി സ്വദേശികളായ അഞ്ചുപേരും ഉള്‍പ്പെടെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ചക്കിക്കാവ്- കൂവപ്പള്ളി വഴി ചെറിയ വാഹനങ്ങള്‍ കടത്തിവിടാനുള്ള മാര്‍ഗങ്ങള്‍ നോക്കുന്നുണ്ട്. ഇലക്ട്രിക് ലൈനുകള്‍ റോഡില്‍ പൊട്ടി വീണും ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുനില്‍ക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. കോട്ടയം ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ എല്ലായിടങ്ങളിലും രാത്രിയില്‍ മഴയുണ്ടായിരുന്നു. ഇപ്പോള്‍ എങ്ങും മഴ പെയ്യുന്നില്ല. മീനച്ചില്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് വാണിങ് ലെവലിലും താഴുന്നതായി ഹൈഡ്രോളജിയില്‍ നിന്നും അറിയിച്ചു. മീനച്ചില്‍ താലൂക്കില്‍ ചിലയിടങ്ങളില്‍ ഗതാഗത തടസ്സങ്ങളുണ്ട്.

ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

കോട്ടയം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് വില്ലേജില്‍ മേച്ചാല്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍, മേലുകാവ് വില്ലേജില്‍ കോലാനി പെന്തകോസ്ത് മിഷന്‍ പള്ളി ഓഡിറ്റോറിയം എന്നിവയാണ് ക്യാംപുകള്‍. 10 കുടുംബങ്ങളിലായി 36 പേര്‍ ക്യാംപിലുണ്ട്.

ജില്ലയില്‍ 48 വീടുകള്‍ക്ക് ഭാഗികനാശം

കോട്ടയം: മഴക്കെടുതിയില്‍ കോട്ടയം ജില്ലയിലെ 48 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം. മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് വില്ലേജ് 2 മേലുകാവ് 2 തലനാട് 1, ഈരാറ്റുപേട്ട 40, പൂഞ്ഞാര്‍ നടുഭാഗം 1 എന്നിങ്ങനെ 46 വീടുകള്‍ക്കും കാഞ്ഞിരപ്പള്ളി താലൂക്കില്‍ കോരുത്തോട് വില്ലേജില്‍ രണ്ടു വീടുകള്‍ക്കുമാണ് ഭാഗിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കോട്ടയം: ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ കെഎസ്ഇബി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

കെഎസ്ഇബി കണ്‍ട്രോള്‍ റൂം നമ്പറുകള്‍

9496008062

9496018398

9496018400

മഴ; കണ്‍ട്രോള്‍ റൂം നമ്പരുകള്‍

കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍: 0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

മീനച്ചില്‍- 04822 212325,

ചങ്ങനാശേരി- 0481 2420037,

കോട്ടയം- 0481 2568007, 2565007,

കാഞ്ഞിരപ്പള്ളി- 04828 202331,

വൈക്കം- 04829 231331.

ജില്ലയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

കോട്ടയം: അതിശക്തമായ മഴയുടെയും മുന്നറിയിപ്പുകളുടെയും സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ ഉത്തരവായി.

Tags:    

Similar News