കപ്പ് ഓഫ് ലൈഫ് ഗിന്നസ് ബുക്കിലേക്ക് ; ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു
120 വേദികളില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യും.ഗിന്നസ് അറ്റംപ്റ്റ് വിളംബരം ചെയ്ത് നാളെ സൈക്കഌത്തോണ്‍
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആര്‍ത്തവ ശുചിത്വ കാംപയിന്‍ എന്ന ഖ്യാതിയോടെ ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്ത് റെക്കോഡ് കുറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹൈബി ഈഡന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുഇതിനായി ഒരു ലക്ഷം കപ്പുകളുടെയും 120 വേദികളുടെയും പ്രീ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ഗിന്നസ് പരിശ്രമം വിളംബരം ചെയ്ത് ലെറ്റസ് പെഡല്‍ റ്റുവേര്‍ഡ്‌സ് ചേഞ്ച് എന്ന സന്ദേശമുയര്‍ത്തി നാളെ നഗരത്തില്‍ സൈക്കഌത്തോണ്‍ സംഘടിപ്പിക്കും. രാവിലെ 6.30 ന് മറൈന്‍ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ സൈക്ക് ളത്തോണ്‍ ഫ് ളാഗ് ഓഫ് ചെയ്യും. കലൂര്‍ ഐ എം എ ഹൗസില്‍ സമാപിക്കും.30 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മെന്‍സ്ട്രല്‍ കപ്പുകളുടെ വിതരണം ആരംഭിക്കും. ഗിന്നസ് ലോക റെക്കോഡിനായുള്ള ഔദ്യോഗിക അഡ്ജുഡിക്കേറ്ററുടെ സാന്നിധ്യത്തിലായിരിക്കും വിതരണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വേദികളുടെ പ്രതിനിധികള്‍ കപ്പുകള്‍ ഏറ്റുവാങ്ങും.
31 ന് രാവിലെ 10 മണി മുതല്‍ 120 വേദികളില്‍ കപ്പുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് ലുലു മാള്‍ ഏട്രിയത്തില്‍ ഗിന്നസ് പ്രഖ്യാപന ചടങ്ങ് നടക്കും. അഞ്ച് മണിക്ക് സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത പരിപാടിയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 6 മണിക്ക് കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. എറണാകുളം ജില്ലാ ഭരണകൂടം, ഐ എം എ കൊച്ചി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഒന്നരക്കോടി രൂപയാണ് സി എസ് ആര്‍ ഫണ്ടില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് അനുവദിച്ചത്.
നിരവധി ബോധവത്ക്കരണ പരിപാടികളാണ് കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി നടന്നു വന്നത്. ഐ എം എ കൊച്ചിയുടെ നേതൃത്വത്തില്‍ ആയിരത്തോളം വോളണ്ടിയര്‍മാര്‍ക്കാണ് ആര്‍ത്തവ ശുചിത്വം സംബന്ധിച്ചും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം സംബന്ധിച്ചും പരിശീലനം നല്‍കിയത്.മുത്തൂറ്റ് ഫിനാന്‍സ് ഇന്ന് വരെ ചെയ്തതില്‍ ഏറ്റവും ആത്മസംതൃപ്തി നല്‍കിയ പദ്ധതിയാണിതെന്ന് ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളും പദ്ധതികളുമായി മുന്നോട്ട് വന്നത് സന്തോഷം പകരുന്നതാണ്. വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ പൊതു സമൂഹം ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും തുറന്ന മനസോടെ അത് ഉള്‍ക്കൊളളാന്‍ തയ്യാറാവുകയും വേണം. എല്ലാവരും ഒറ്റ ദിവസം കൊണ്ട് മെന്‍സ്ട്രല്‍ കപ്പിലേക്ക് മാറുമെന്ന അമിത പ്രതീക്ഷയൊന്നുമില്ല. പക്ഷെ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചു. പരിസ്ഥിതിക്ക് കൂടുതല്‍ ഇണങ്ങുന്ന ഒരു സുസ്ഥിര മോഡലിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പറയാന്‍ മടിച്ചിരുന്ന വിഷയങ്ങള്‍ തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് വിധേയമാക്കാനും കപ്പ് ഓഫ് ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞതായി ഹൈബി ഈഡന്‍ പറഞ്ഞു.
കടല്‍ക്ഷോഭം, പ്രകൃതി ദുരന്തങ്ങള്‍, പ്രളയം തുടങ്ങിയ ഭീതികള്‍ വിട്ടൊഴിയാതെ നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് എന്ന ആശയം ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതിനുപരി ആര്‍ത്തവത്തെ കുറിച്ചും സ്ത്രീകളുടെ ശാരീരിക അവസ്ഥകളെ കുറിച്ചുമുണ്ടായിരുന്ന മിഥ്യാധാരണകള്‍ ഒരു പരിധി വരെ ഒഴിവാക്കാനും പൊതു സമൂഹത്തെ കൂടുതല്‍ ബോധവാന്മാരാക്കാനും ഒരു തുറന്ന ചര്‍ച്ചക്ക് വഴി തുറക്കാനും കപ്പ് ഓഫ് ലൈഫ് പദ്ധതിക്ക് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ലന്നും ഹൈബി പറഞ്ഞു.ഐ എം എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. മരിയ ജോര്‍ജ്, ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എം എം ഹനീഷ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍, കപ്പ് ഓഫ് ലൈഫ് ജനറല്‍ കണ്‍വീനര്‍ ഡോ. ജുനൈദ് റഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.