സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതി: ഹരജികള്‍ ഹൈക്കോടതി തള്ളി
സംസ്ഥാനത്തെ റെയില്‍ യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ നേരിടുന്നതിനുമായാണ് സില്‍വര്‍ ലൈന്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
കൊച്ചി: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. പദ്ധതി സാമ്പത്തികമായി അപ്രായോഗികമാണെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും വാണിജ്യപരമായി പ്രായോഗികമല്ലെന്നും ധാരാളം കുടുംബങ്ങളേയും ബിസിനസ്സ് സ്ഥാപനങ്ങളേയും കുടിയിറക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികളാണ് തള്ളിയത്.സംസ്ഥാനത്തെ റെയില്‍ യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ നേരിടുന്നതിനുമായാണ് സില്‍വര്‍ ലൈന്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.
റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനം സ്വീകരിച്ച നയപരമായ തീരുമാനങ്ങളിലോ, അതിന് വേണ്ടുന്ന നടപടികളിലോ ഇടപടേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നു കോടതി വ്യക്തമാക്കി. കേരളത്തിന്റെ വര്‍ധിച്ചു വരുന്ന യാത്രാവശ്യങ്ങള്‍ക്ക് അനുസരിച്ചു റോഡുകളും റെയില്‍വെ സൗകര്യവും ഒരുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നു കോടതി വ്യക്തമാക്കി.