ഉക്രെയ്‌നില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

19000 ല്‍ അധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം ക്രോഡീകരിച്ചു കഴിഞ്ഞുവെന്നും എല്ലാവരെയും സൗജന്യമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു

Update: 2022-02-28 14:14 GMT

കൊച്ചി: ഉക്രെയ്‌നിലെ എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും തിരിച്ചെത്തിക്കാനും ഉള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടയില്‍ അറിയിച്ചു. അഭിഭാഷക ദമ്പതികളുടെ മകള്‍ ആതിര ഷാജി ഉള്‍പ്പെടെയുള്ളവരെ ഉക്രെയ്‌നില്‍ നിന്ന് നാട്ടിലെത്തിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.ഉക്രെയ്‌നിലെ കീവിലുള്ള ആതിര ഷാജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പോളണ്ട് അതിര്‍ത്തിയിലെത്തിച്ച് നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കാനാവൂമോയെന്നത് സംബന്ധിച്ച് വ്യക്തമാക്കണമെന്നും ഹരജി പരിഗണിച്ച കോടതി നിര്‍ദേശം നല്‍കി.

19000 ല്‍ അധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം ക്രോഡീകരിച്ചു കഴിഞ്ഞുവെന്നും എല്ലാവരെയും സൗജന്യമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.ഉക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നിയോഗിച്ചതനുസരിച്ച് കേന്ദ്ര മന്ത്രിമാര്‍ എത്തി തുടര്‍ നടപടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കുമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

വിദേശകാര്യ മന്ത്രാലയം ഉക്രെയ്‌നിലെയും സമീപ രാജ്യങ്ങളിലെയും എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡറുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. റഷ്യന്‍ ഭരണകൂടത്തിന്റെ സഹകരണവും ഉറപ്പുവരുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നും അറിയിക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹരജി ബുധനാഴ്ച്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

Tags:    

Similar News