ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞ് ഹൈക്കോടതി
ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ചാണ് ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റു ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 23 ന് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ പരിഗണിച്ചാണ് ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റു ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 23 ന് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
കേസില്‍ ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നതിന് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗുരതരമായ കേസില്‍ ഉന്നത സ്വാധീനമുള്ള വ്യക്തികളെ കണ്ടെത്തേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചു. എന്‍ ഐ എയും കസ്റ്റംസും ഇതുവരെ 90 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തു കഴിഞ്ഞു.100 ദിവസത്തിലധികമായി അന്വേഷണം നടത്തിയിട്ടും ശിവശങ്കറിനെതിരെ യാതൊരു തെളിവും ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല.കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാന്‍ ശിവശങ്കര്‍ തയാറാണെന്നും ഒളിച്ചോടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ഇരു ഭാഗത്തിന്റെയും വാദം പരിഗണിച്ച് കോടതി 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞത്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍,പി എസ് സരിത് എന്നിവരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സമെന്റ് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടതോടെയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി വിവിധ അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടു അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ പലപ്പോഴും പുലര്‍ച്ചെ മുതല്‍ രാത്രി വരെ ചോദ്യം ചെയ്യലിനു വിധേയമായിട്ടുണ്ടെന്നും തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ഓരോ ചോദ്യം ചെയ്യലിനും ശേഷവും നെഗറ്റീവായിട്ടുള്ള അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തന്റെ മുതിര്‍ന്ന മാതാപിതാക്കളെയും ബന്ധുക്കളെയും മാനസികമായി ബുദ്ധിമുട്ടിലാക്കുകയാണ്. തന്റെ പാസ്പോര്‍ട്ട് മറ്റു യാത്രാ രേഖകള്‍ അക്കൗണ്ട് വിശദാംശങ്ങള്‍ എല്ലാം ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. മാധ്യമ വിചാരണയെ തുടര്‍ന്നു ഇ.ഡി തന്നെ അറസ്റ്റു ചെയ്യുമോയെന്നു ഭയക്കുന്നതായി ഹരജിയില്‍പറയുന്നു. ഇ.ഡി മൂന്നു തവണയായി 30 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇനിയും തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹരജിയില്‍ പറയുന്നു.