അമിത് ഷാ ഏഴിന് തിരുവനന്തപുരത്ത്

Update: 2021-03-05 13:06 GMT

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാനം ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

ഇന്നു വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും.

ഉച്ച തിരിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തിലെ സന്ന്യാസി സംഗമത്തിലും പങ്കെടുക്കും. വൈകിട്ട് 5.30ന് ശംഖുംമുഖത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വിവി രാജേഷ് അദ്ധ്യക്ഷത വഹിക്കും.

കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍, ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, കേരള പ്രഭാരി സി പി രാധാകൃഷ്ണന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags:    

Similar News