നാഗാലാന്‍ഡിലെ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക സമിതി

Update: 2021-12-26 11:04 GMT

കൊഹിമ: നാഗാലാന്‍ഡിലെ വിവാദ നിയമമായ പ്രത്യേക സൈനികാധികാര നിയമം(അഫ്‌സ്പ) പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നെഫിയു റിയോ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചതിനുശേഷം നടത്തിയ ട്വീറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

നാഗാലാന്‍ഡിലെ മോണില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതോടെയാണ് അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യം ഒരിക്കല്‍ക്കൂടി സജീവമായത്.

അഫ്‌സ്പക്കെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.

അമിത് ഷാ പ്രശ്‌നം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും സമാധാനത്തിനുള്ള ശ്രമങ്ങളില്‍ പങ്കാളികളാവണമെന്നും മുഖ്യമന്ത്രി ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

ഡിസംബര്‍ 23ാം തിയ്യതിയാണ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നത്. യോഗത്തില്‍ അസം മുഖ്യമന്ത്രി ഹമാന്ത ബിശ്വാസ് ശര്‍മയും പങ്കെടുത്തിരുന്നു.

സംസ്ഥാന, കേന്ദ്ര ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി 45 ദിവസത്തിനുള്ളില്‍ അഫ്‌സ്പ പിന്‍വലിക്കുന്നതിനെക്കുറിച്ച് റിപോര്‍ട്ട് നല്‍കും. അതിനനുസരിച്ചായിരിക്കും തുടര്‍നടപടി.

സിവിലിയന്‍മാരെ കൊലപ്പെടുത്തിയവര്‍ക്കെതിരേ സൈന്യം അന്വേഷണം ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. അവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.

അഫ്‌സ്പ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ആഴ്ച നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. 

Tags:    

Similar News