'ഒരു പ്രത്യേക മത നേതാക്കള്‍ നാഗാലാന്‍ഡിലും മണിപ്പൂരിലും മേഘാലയയിലും എന്‍ഡിഎയ്‌ക്കെതിരേ പ്രവര്‍ത്തിച്ചതിനാലാണ് സീറ്റുകള്‍ കുറഞ്ഞത്'; ക്രിസ്തുമത നേതാക്കള്‍ക്കെതിരേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

Update: 2024-06-05 14:55 GMT

ഗുവാഹത്തി: ഒരു പ്രത്യേക മതത്തിന്റെ നേതാക്കള്‍ മോദി സര്‍ക്കാരിനെതിരേ പ്രവര്‍ത്തിച്ചതിനാലാണ് മണിപ്പൂരിലും നാഗാലാന്‍ഡിലും മേഘാലയയിലും എന്‍ഡിഎയ്ക്ക് ലോക്‌സഭാ സീറ്റുകള്‍ നഷ്ടമായതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബിജെപി സംസ്ഥാന ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ശര്‍മയുടെ പരാമര്‍ശം. 'നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ ഒരു പ്രത്യേക മതത്തിന്റെ നേതാക്കള്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും എതിരായി പരസ്യമായി പ്രവര്‍ത്തിച്ചു. ആ സംസ്ഥാനങ്ങളില്‍ മതത്തിന് വളരെയധികം അനുയായികളുണ്ട്. അതാണ് വ്യത്യാസം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികള്‍ക്കിടയിലും ജനസംഖ്യയുടെ 40 ശതമാനം മുസ് ലിം വോട്ടര്‍മാരുള്ള അസമിലെ 14ല്‍ 11 സീറ്റുകളിലും ബിജെപി സഖ്യം വിജയിച്ചതില്‍ ശര്‍മ സന്തോഷം പ്രകടിപ്പിച്ചു. 2019 ലെ 39 ശതമാനത്തില്‍ നിന്ന് 2024 ല്‍ 46 ശതമാനമായി വോട്ട് വിഹിതം കുതിച്ചുയര്‍ന്നതിനാല്‍ എന്‍ഡിഎയുടെ പ്രകടനം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ അതിന്റെ മൊത്തത്തിലുള്ള വോട്ട് വിഹിതം ഏകദേശം 46 ശതമാനമായി ഉയര്‍ത്തി. 2019 ലോക്‌സഭയിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നേടിയ 39 ശതമാനത്തിലും നിന്ന് 44 ശതമാനത്തിലേക്ക് വലിയ കുതിപ്പുണ്ടാക്കി. സംസ്ഥാനത്ത് 40 ശതമാനം ന്യൂനപക്ഷമായിട്ടും ഞങ്ങള്‍ ഈ നേട്ടം കൈവരിച്ചു. 126 നിയമസഭാ സെഗ്‌മെന്റുകളില്‍ 90ലധികം സീറ്റുകളില്‍ എന്‍ഡിഎ മുന്നിലെത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മെച്ചപ്പെട്ട ഫലമാണിത്. വ്യക്തമായും, കഴിഞ്ഞ 3 വര്‍ഷമായി അസമിലെ മാറ്റത്തിനുള്ള വോട്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News