പിപിഇ കിറ്റുകള്‍ വന്‍ വിലക്ക് വാങ്ങി; അസം മുഖ്യമന്ത്രിക്കെതിരേ അഴിമതി ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മയ്‌ക്കെതിരേ അഴിമതിയാരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകന്റെയും സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍നിന്നും സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് പിപിഇ കിറ്റുകള്‍ വാങ്ങിയെന്നാണ് ആരോപണം. അറുന്നൂറ് രൂപയുടെ പിപിഇ കിറ്റുകള്‍ തൊള്ളായിരത്തി തൊണ്ണൂറ് രൂപയ്ക്ക് വാങ്ങിയതിന്റെ രേഖകള്‍ സിസോദിയ പുറത്ത് വിട്ടു.
ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ മന്ത്രിമാരെ ജെയിലിലടയ്ക്കാന്‍ ശ്രമിക്കുന്ന ബിജെപി എന്തുകൊണ്ടാണ് ഇതിനെകുറിച്ച് മിണ്ടാത്തതെന്നും സിസോദിയ ചോദിച്ചു. എന്നാല്‍ ഭാര്യ സംഭാവനയായി നല്‍കിയതാണ് പിപിഇ കിറ്റുകളെന്നും ഒരു രൂപയുടെ അഴിമതി നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കള്ളക്കേസുണ്ടാക്കി കേന്ദ്ര ഏജന്‍സികളെ കൊണ്ട് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് നേരത്തെ കെജ്രിവാള്‍ ആരോപിച്ചിരുന്നു.