ന്യൂഡല്‍ഹി: ഡല്‍ഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയ, കൂട്ടുപ്രതി വിജയ് നായര്‍ ഉള്‍പ്പെടെയുള്ളവരുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് എട്ടുവരെ ഡല്‍ഹി കോടതി നീട്ടി. നേരത്തേ അനുവദിച്ച ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതികളെ പ്രത്യേക ജഡ്ജി കാവേരി ബവേജയ്ക്ക് മുന്നില്‍ ഹാജരാക്കിയത്. കുറ്റപത്രവുമായി ബന്ധപ്പെട്ട രേഖകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ എത്ര സമയമെടുക്കുമെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) ജഡ്ജി നിര്‍ദേശിച്ചു. വിചാരണ വേളയില്‍ ഇഡിയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ നവീന്‍ കുമാര്‍ മട്ടയും സൈമണ്‍ ബെഞ്ചമിനും കുറ്റാരോപിതര്‍ നടപടികള്‍ വൈകിപ്പിക്കുകയാണെന്നും വിചാരണ വേഗത്തിലാക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ആരോപിച്ചു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ബിആര്‍എസ് നേതാവ് കെ കവിതയെയും മെയ് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.