വികലാംഗക്ഷേമ കോര്‍പറേഷനില്‍ വിരമിക്കല്‍ ആനുകുല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2021-07-02 14:49 GMT

തിരുവനന്തപുരം: സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനില്‍നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നാമൂഹികനീതി വകുപ്പ് സെക്രട്ടറി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സാമൂഹിക നീതി വകുപ്പ് ഗവ. സെക്രട്ടറിക്കും വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്.

2019 ല്‍ വിരമിച്ച ഭിന്നശേഷിക്കാരിയായ ജീവനക്കാരി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 1979 ല്‍ രൂപീകരിക്കപ്പെട്ട കോര്‍പറേഷനില്‍ സ്‌പെഷ്യല്‍ റൂള്‍സ് നിലവില്‍ വന്നിട്ടില്ലെന്ന് എംഡി കമ്മീഷനെ അറിയിച്ചു. കെഎസ്ആര്‍ പ്രകാരമുള്ള ആനുകൂല്യങ്ങളാണ് അനുവദിച്ചുവന്നിരുന്നത്. എന്നാല്‍, സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിച്ച ശേഷം മാത്രം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍, റൂള്‍സ് അനുവദിക്കുന്നതുവരെ കെഎസ്ആര്‍ പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. 2020 നവംബര്‍ 17ന് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. പ്രസ്തുത കത്തില്‍ തീരുമാനമെടുത്ത് എത്രയും വേഗം പരാതി പരിഹരിക്കാനാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. കെ രമയാണ് പരാതിക്കാരി. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags:    

Similar News