പൊതുജനങ്ങള്‍ വന്നു പോകുന്ന സ്ഥാപനങ്ങളില്‍ സുരക്ഷിത കവാടങ്ങള്‍ നിര്‍ബന്ധമാക്കി ചട്ടം പരിഷ്‌ക്കരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ബാങ്കുകള്‍,സര്‍ക്കാര്‍ ഓഫീസുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സുരക്ഷിതമായി പ്രവേശിക്കാനും പുറത്തിറങ്ങാനുമായി സുരക്ഷിത കവാടങ്ങള്‍ നിര്‍ബന്ധമാക്കി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

Update: 2020-10-08 13:42 GMT

കൊച്ചി :പൊതുജനങ്ങള്‍ യഥേഷ്ടം വന്നു പോകുന്ന ബാങ്കുകള്‍,സര്‍ക്കാര്‍ ഓഫീസുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സുരക്ഷിതമായി പ്രവേശിക്കാനും പുറത്തിറങ്ങാനുമായി സുരക്ഷിത കവാടങ്ങള്‍ നിര്‍ബന്ധമാക്കി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ഇക്കഴിഞ്ഞ ജൂണ്‍ 15 ന് പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലെത്തിയ ബീന എന്ന വീട്ടമ്മ ചില്ലു വാതില്‍ തകര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 1274/2020 കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കി തുടര്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആലുവ റൂറല്‍ ജില്ലാ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു.കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുമ്പോള്‍ നാഷണല്‍ ബില്‍ഡിംഗ് കോഡ് 2016 പ്രകാരം ജനങ്ങളെത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷിതമായ കട്ടി കൂടിയ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡ്‌സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. സുരക്ഷിതമല്ലാത്ത കനം കുറഞ്ഞ ഗ്ലാസാണ് ബാങ്കില്‍ ഉപയോഗിച്ചിരുന്നതെന്ന് പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇത് അപകടകാരണമാകാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേ സബീര്‍ തൊളിക്കുഴി, രാജു വാഴക്കാലാ, പി കെ രാജു,നൗഷാദ് തെക്കയില്‍, സേഫ്റ്റി ഫോറം ജനറല്‍ സെക്രട്ടറി തുടങ്ങിയവരും പരാതി നല്‍കിയിരുന്നു.

Tags:    

Similar News