ഭിന്നശേഷിക്കാര്‍ക്കുള്ള വിജയാമൃതം പദ്ധതിയില്‍ കേരളത്തിന് പുറത്ത് പഠിച്ചവരെ ഒഴിവാക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

അണ്ണാമല സര്‍വകലാശാലയില്‍ നിന്നും എം എ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ ആദ്യ ചാന്‍സില്‍ ഫസ്റ്റ് ക്ലാസില്‍ പാസായ വിദ്യാര്‍ഥിക്ക് സാമൂഹിക നീതി വകുപ്പ് നിരസിച്ച വിജയാമൃതം സ്‌കോളര്‍ഷിപ്പ് ഉടന്‍ ലഭ്യമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി

Update: 2020-11-24 11:39 GMT

കൊച്ചി: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക നീതി വകുപ്പ് നല്‍കുന്ന വിജയാമ്യതം പദ്ധതിയില്‍ നിന്നും കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.അണ്ണാമല സര്‍വകലാശാലയില്‍ നിന്നും എം എ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ ആദ്യ ചാന്‍സില്‍ ഫസ്റ്റ് ക്ലാസില്‍ പാസായ വിദ്യാര്‍ഥിക്ക് സാമൂഹിക നീതി വകുപ്പ് നിരസിച്ച വിജയാമൃതം സ്‌കോളര്‍ഷിപ്പ് ഉടന്‍ ലഭ്യമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. ഇടപ്പള്ളി സ്വദേശി വി എ നസീര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ബിരുദമോ പിജിയോ ആദ്യ ചാന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ പാസാകുന്ന ഭിന്ന ശേഷികാര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. പ്രൈവറ്റ് സ്റ്റഡി,പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം തുടങ്ങിയ രീതികളില്‍ പഠിച്ചവര്‍ക്കും സഹായം നല്‍കും. എന്നാല്‍ അണ്ണാമല സര്‍വകലാശാലയില്‍ നിന്നും വിദൂരവിദ്യാഭ്യാസം വഴി പഠിച്ച തനിക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. സാമൂഹിക നീതി വകുപ്പ് ഡയറക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ പഠിച്ചവരെ മാത്രം സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പരിശോധിച്ചു. ഇതില്‍ കേരളത്തിനകത്ത് പഠിച്ചവര്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തിയതായി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അപേക്ഷ നിരസിക്കുന്നത് നീതിയല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Tags:    

Similar News