പൊളിച്ചുകൊണ്ടിരുന്ന വീട്ടില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മനുഷ്യന്റെ അസ്ഥികൂടം
ആലപ്പുഴ: പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രാവിലെ 11 മണിയോടെയാണ് വീട്ടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. കാലപ്പഴക്കത്താല്‍ കല്ലുപാലത്തിന് സമീപമുള്ള ഈ വീട് പൊളിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയില്‍ ജെസിബിയുടെ ഡ്രൈവര്‍ അസ്ഥികൂടം കണ്ടത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
ആദ്യം ആലപ്പുഴ സൗത്ത് പോലിസും പിന്നീട് ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തി പരിശോധന നടത്തി. ജില്ലാ പോലിസ് മേധാവിയടക്കം സംഭവസ്ഥലത്തെത്തി. അസ്ഥികൂടത്തിന്റെ ഒരോ ഭാഗത്തും പ്രത്യേകിച്ച് തലയോട്ടിയിലും എല്ലിലുമെല്ലാം നമ്പര്‍ രേഖപ്പെടുത്തിയ നിലയിലാണ്.
ഈ വീട്ടില്‍ നേരത്തെ നഗരത്തിലെ ആശുപത്രിയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഒരു ഡോക്ടര്‍ താമസിച്ചിരുന്നു. അതിനാല്‍, പഠനാവശ്യങ്ങള്‍ക്ക് വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു. ആദ്യം ഈ ഡോക്ടറെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലിസ്. അതിനുശേഷം ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.