ഐ ഫോണ്‍ വിവാദം: ചെന്നിത്തലയുടെ പരാതിയില്‍ അന്വേഷണം സാധ്യമല്ലെന്ന് നിയമോപദേശം

ഐ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ആ ഫോണുകള്‍ ആരുടെ കയ്യിലാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

Update: 2020-10-05 10:21 GMT
തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ അന്വേഷണം സാധ്യമല്ലെന്ന് പോലിസിന് നിയമോപദേശം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്.

ഐ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ആ ഫോണുകള്‍ ആരുടെ കയ്യിലാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് അന്വേഷണത്തിന് തടസ്സമുണ്ടെന്ന് പോലിസ് പറയുന്നത്. നിലവില്‍ ഇത് സംബന്ധിച്ച് കേസില്ലാത്തതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോവാനാവില്ലെന്നാണ് പോലിസിന് ലഭിച്ച നിയമോപദേശം.

കേസില്ലാതെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത് വ്യക്തിസ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാവുമെന്നാണ് പോലിസ് പറയുന്നത്. തനിക്കെതിരേയുള്ള പരാമര്‍ശം പിന്‍വലിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി രാവിലെ രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടിസും അയച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്‌ന വഴി ഐ ഫോണ്‍ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരേ സന്തോഷ് ഈപ്പന്‍ ഹൈക്കോടതയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഐ ഫോണ്‍ നല്‍കിയ കാര്യം വ്യക്തമാക്കിയത്.

Tags:    

Similar News