കൂടത്തായി: ഇമ്പിച്ചിമോയിയെ ലീഗില്‍ നിന്ന് പുറത്താക്കി
ഓമശേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന വികെ ഇമ്പിച്ചിമോയിയെ ആണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതത്.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ഓമശേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന വികെ ഇമ്പിച്ചിമോയിയെ ആണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതത്.
ജോളിക്ക് കരം അടയ്ക്കാനും അഭിഭാഷകനെ ഏര്‍പ്പാടാക്കാനും സഹായിച്ചത് ഇമ്പിച്ചി മോയിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജോളിയുടെ അയല്‍ക്കാരനായ ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കടയിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.
എന്നാല്‍, പരിശോധനയില്‍ കാര്യമായ തെളിവുകളൊന്നും പോലിസിന് കണ്ടെടുക്കാനായില്ല. അറസ്റ്റിന് തൊട്ടുമുമ്പ് ഈ രേഖകളെല്ലാം ഇമ്പിച്ചി മോയിയെ ഏല്‍പിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി.
പൊലിസ് പിടിയിലാകുന്നതിനു മുമ്പ് ജോളി ഇമ്പിച്ചി മോയിയെ നിരവധി തവണ വിളിച്ചതിന്റെ തെളിവുകള്‍ പോലിസിന് ലഭിച്ചിരുന്നു. എന്നാല്‍, തനിക്ക് വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമോയി പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്.
കൂടത്തായി കൊലപാതകക്കേസില്‍ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചിമോയിനെ നിരന്തരം ഫോണില്‍ വിളിച്ചത്. ജോളി നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമോയി മൊഴിനല്‍കി. ഒരു വക്കീലുമായി താന്‍ ജോളിയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും കോഴിക്കോട്ടുള്ള കസിന്‍ ബ്രദര്‍ വഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമോയിന്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്.
ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാന്‍ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാന്‍ താന്‍ പോയിരുന്നെന്ന് ഇമ്പിച്ചി മോയിന്‍ നേരത്തേ ഒരു ചാനലിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ തനിക്കത് അടയ്ക്കാന്‍ കഴിഞ്ഞില്ല. എന്തോ പ്രശ്‌നമുള്ള ഭൂമിയാണതെന്ന് വില്ലേജോഫീസില്‍ നിന്ന് പറഞ്ഞെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.