കേരളത്തില്‍ ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡനത്തിന് ഇരയാവുന്നു
കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ലൈംഗീകാതിക്രമ കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു. സംസ്ഥാനത്ത് ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ലൈംഗീകാതിക്രമ കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.
2017 വരെ 1,28,000 കേസുകളാണ് രാജ്യത്ത് വിചാരണ കാത്തിരിക്കുന്നത്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂര്‍ത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തില്‍ താഴെമാത്രമാണിത്.
സംസ്ഥാനത്ത് നിലവില്‍ 1400ലധികം കേസുകളില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ വൈകുന്നതിനാല്‍ തുടര്‍നടപടികള്‍ മുടങ്ങി. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തിരുവനന്തപുരം ജില്ലയിലാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത 1370 കേസുകളില്‍ ഒന്നില്‍പോലും ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇതില്‍ എഴുനൂറിലധികം കേസുകളില്‍ ഒരുവര്‍ഷത്തിലേറെയായി റിപ്പോര്‍ട്ട് വരാത്തതിനാല്‍ തുടര്‍നടപടികള്‍ സാധ്യമായിട്ടില്ല.
നിയമം നിലവില്‍വന്ന 2012 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പോലും കേരളത്തിലെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. പലപ്പോഴും രാസപരിശോധനാ ഫലം വൈകുന്നതാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ക്ക് കാലതാമസം സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതല്‍ഇത്തരം കേസുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 463 കേസുകളാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ടില്ലാത്തതിനാല്‍ കെട്ടക്കിടക്കുന്നത്. ഇതില്‍ നൂറിലേറെ കേസുകള്‍ ഒരുവര്‍ഷത്തിലധികമായി തുടര്‍നടപടികളില്ലാതെ നില്‍ക്കുകയാണ്. കൊല്ലത്ത് 216 പോക്സോ കേസുകളില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ഒരുവര്‍ഷത്തിലേറെയായി ലഭ്യമായിട്ടില്ല. പത്തനംതിട്ട ജില്ലയിൽ 128 കേസുകളില്‍ റിപ്പോര്‍ട്ട് വര്‍ഷമൊന്നു കഴിഞ്ഞിട്ടും വന്നിട്ടില്ല. ഇത്തരം കേസുകളില്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പ് ഉണ്ടാക്കണമെന്ന് പോക്‌സോ നിയമം പറയുന്നത് പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്.
പൊതുവെ കുട്ടികള്‍നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് സമ്മതമല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയാണെങ്കില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകളുടെ അഭാവം കാരണം സ്തംഭനാവസ്ഥയിലുമാണ്. ക്രൂരപീഡനം ഏല്‍ക്കുന്ന കുഞ്ഞുങ്ങള്‍ നീതിനിഷേധം കൂടി സഹിക്കേണ്ട സ്ഥിതായാണ് ഉണ്ടായിരിക്കുന്നത്.
ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാനപ്രശ്‌നം. ഫോറന്‍സിക് ജീവനക്കാരുടെ എണ്ണവും കുറവാണ്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളില്‍ മാത്രമേ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്നുള്ളു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വര്‍ഷം തിരിച്ച്
2009 -554
2010 -617
2011 -1132
2012 -1019
2013 -1221
2014 -1347
2015 -1256
2016 -1656
2017 -2003
2018 -2105
2019 -1,537 ( ആഗസ്ത് വരെ)