സൗദിയില്‍ ആരോഗ്യരംഗത്ത് മതവിവേചനമില്ല; പത്രവാര്‍ത്തയ്‌ക്കെതിരേ മലയാളി വനിതാ ഡോക്ടര്‍ പ്രതികരിക്കുന്നു
സമാധാനത്തോടെയും അന്തസോടെയും ഇവിടെ സൗദി എംഒഎച്ചിനു കീഴില്‍ ജോലിചെയ്യുന്ന മലയാളത്തിന്റെ സ്വന്തം മാലാഖമാരായ നഴ്സുമാരോട് ഈ ക്രൂരത കാണിക്കാന്‍ പാടില്ലായിരുന്നു. കൊവിഡ് കാരണം വ്യോമനിരോധനം വന്നതുകൊണ്ടാണ് ഏതാനും ഗര്‍ഭിണികളായ നഴ്സുമാര്‍ ഇവിടെ പെട്ടുപോയത്.
കോഴിക്കോട്: ലോകം മുഴുവന്‍ ആശങ്കയില്‍ കഴിയുന്ന കൊവിഡ് കാലത്തും സംഘപരിവാര്‍ പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളിലടക്കം മതവിദ്വേഷം പടര്‍ത്തുന്ന വ്യാജവാര്‍ത്തകള്‍ വ്യാപകമായി പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഗള്‍ഫില്‍നിന്ന് പ്രവാസികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആദ്യം അങ്ങാപ്പാറ നയം സ്വീകരിച്ചിരുന്ന കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധമുയര്‍ന്നപ്പോള്‍ മറ്റൊരു വ്യാജവാര്‍ത്തയുമായാണ് സംഘപരിവാര്‍ അനുകൂലപത്രം രംഗത്തെത്തിയത്.
സൗദിയില്‍ നഴ്‌സുമാര്‍ മതവിവേചനം നേരിടുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, പത്രവാര്‍ത്തയില്‍ പറയുന്ന മതവിവേചനവാദങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സൗദി അറേബ്യയില്‍ 13 വര്‍ഷമായി ജോലിചെയ്യുന്ന മലയാളി വനിതാ ഡോക്ടറായ ഡോ.വിനീതപിള്ള. അവരുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം ചുവടെ:
വിവേചനത്തിന്റെ അപായം
മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവ് നഷ്ടപ്പെടുമ്പോഴാണ് ഒരുസമൂഹം അതിന്റെ യാത്രയിലെ ഏറ്റവും ദയനീയമായ പതനത്തിലെത്തുന്നത്. മനുഷ്യനെ ജാതിതിരിച്ചും വര്‍ഗംതിരിച്ചും വര്‍ണത്തിന്റെ അടിസ്ഥാനത്തിലും വിഭജിച്ചുനിര്‍ത്തി വിചാരണ ചെയ്യുന്ന രീതി എത്രമാത്രം അപകടകരമാണ്. ബോധപൂര്‍വം ചില തല്‍പരകക്ഷികള്‍ അവരുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരളത്തിലെ ഒരു പത്രത്തില്‍ സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളായ നഴ്സുമാരെക്കുറിച്ചുള്ള വാര്‍ത്ത. നൂറു ശതമാനവും ഫാബ്രിക്കേറ്റഡ് ആയ ഒരു വാര്‍ത്ത. സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ വാര്‍ത്തയ്ക്ക് അനുകൂലവും പ്രതികൂലവുമായ കമന്റുകള്‍ ധാരാളം കാണുകയുണ്ടായി.
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ നല്ലൊരു ശതമാനം മുസ്ലിം ഇതരസമുദായക്കാരാണ്. 70 ശതമാനത്തില്‍ അധികമെന്ന് പറയാം. കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നഴ്സിങ് മേഖലയിലേക്ക് കടന്നുവന്നിട്ട് അധികകാലമായിട്ടില്ല. അതുകൊണ്ടുതന്നെ സൗദി ഉള്‍പ്പടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും യുകെ യിലും യൂറോപ്പിലും യുഎസിലും ജോലിചെയ്യുന്ന മലയാളി നഴ്സുമാരുടെ കൂട്ടത്തില്‍ മുസ്ലിം നഴ്സുമാരുടെ എണ്ണം കുറവാണ്. ഇത് സ്വാഭാവികമായും സംഭവിക്കുന്നതാണ്. നാളിതുവരെ ഏതെങ്കിലും ഒരു നഴ്സോ പാരാ മെഡിക്കല്‍ സ്റ്റാഫോ സൗദി എംഒഎച്ചിനു കീഴിലൊ അതല്ലെങ്കില്‍ സ്വകാര്യമേഖലയിലൊ മുസ്ലിം അമുസ്ലിം വിവേചനമുണ്ടെന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ 13 വര്‍ഷമായി ഞാന്‍ ഇവിടെ ജോലിചെയ്യുന്നു.
ആരും ഇങ്ങനെയാരു പരാതി ഏതെങ്കിലും വേദിയില്‍ ഉന്നയിച്ചതായി ഇതുവരെ അറിയില്ല. പരാതിയുണ്ടെങ്കില്‍ തെളിവുസഹിതം മുന്നോട്ടുവരണം. മാത്രവുമല്ല, അങ്ങനെ വിവേചനം സഹിച്ച് ജോലിചെയ്യാന്‍ ആരെങ്കിലും തയ്യാറാവുമെന്നും തോന്നുന്നില്ല. ജോലി രാജിവച്ചുപോവും. പണം മാത്രമല്ലല്ലൊ പ്രധാനം. മനുഷ്യന്റെ വ്യക്തിത്വത്തിനും സ്വത്വബോധത്തിനുമൊക്കെ ഏറെ പ്രാധാന്യമുണ്ട്. നഴ്സുമാരുടെ സമൂഹത്തിന് ഇതു കൃത്യമായി അറിയുകയും ചെയ്യാം. സൗദിയിലെ ഒരാശുപത്രിയിലും വിവേചനം കാണിക്കാറില്ല. അതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാറില്ല. ഫിലിപ്പീന്‍സില്‍നിന്നും നമ്മുടെ നാട്ടില്‍നിന്ന് വരുന്നതുപോലെ തന്നെ നഴ്സുമാര്‍ ഗള്‍ഫില്‍ എത്തുന്നുണ്ട്. അവരുടെ സമുദായം ഏതെന്ന് ലോകത്തിന് അറിയാം.
റിക്രൂട്ട് ചെയ്തുകൊണ്ടു വന്നതിനുശേഷം വിവേചനം കാണിക്കുന്നതിനു പകരം മുസ്ലിം സമുദായത്തില്‍പെട്ടവരെ മാത്രം റിക്രൂട്ട് ചെയ്താല്‍ പോരെ ? അതു ചെയ്യുന്നില്ലല്ലൊ. എല്ലാവര്‍ക്കും തുറന്ന അവസരമാണ് സൗദി എംഒഎച്ച് നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് സൗദിയുടെ അഭ്യര്‍ഥന മാനിച്ച് ഇപ്പോള്‍ കൊച്ചിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍നിന്ന് ഇവിടെ നിന്ന് അവധിക്ക് പോയ ആരോഗ്യപ്രവര്‍ത്തകര്‍ തിരിച്ച് സൗദിയിലേക്ക് വരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതിന് എല്ലാ സഹായവും ചെയ്തുകൊടുത്തിട്ടുണ്ട്. ഈ വിമാനത്തിലും കാണില്ലെ ഇതരസമുദായക്കാരായ നഴ്സുമാര്‍ ? വിവേചനത്തെക്കുറിച്ചുള്ള, പ്രത്യേകിച്ച് ഗര്‍ഭിണികളായ നഴ്സുമാരെക്കുറിച്ചുള്ള വാര്‍ത്ത വായിച്ച ശേഷം അവരെന്തിനാണ് വീണ്ടും സൗദിയിലേക്ക് വരുന്നത്.
ന്യായമായ ഈ ചോദ്യത്തിന് കല്‍പിത കഥ ജാതി വിവേചനവുമായി കൂട്ടിക്കുഴച്ച് ബോധപൂര്‍വം കേരളത്തില്‍ വര്‍ഗീയധ്രുവീകരണം നടത്താന്‍ ഉദ്ദേശിച്ച പ്രസിദ്ധീകരിച്ച പത്രം മറുപടി പറയണം. പ്രസവത്തിന് അഞ്ചുലക്ഷം റിയാലിന്റെ കണക്കൊക്കെ പറയുന്നതു കേട്ടു. അതോ അഞ്ചുലക്ഷം രൂപയ്ക്ക് തുല്യമായ റിയാലൊ ? എന്തായാലും അത് കുറച്ചു കൂടിപ്പോയി. അങ്ങനെയാരു സംഭവമേ ഇല്ല. സമാധാനത്തോടെയും അന്തസോടെയും ഇവിടെ സൗദി എംഒഎച്ചിനു കീഴില്‍ ജോലിചെയ്യുന്ന മലയാളത്തിന്റെ സ്വന്തം മാലാഖമാരായ നഴ്സുമാരോട് ഈ ക്രൂരത കാണിക്കാന്‍ പാടില്ലായിരുന്നു. കൊവിഡ് കാരണം വ്യോമനിരോധനം വന്നതുകൊണ്ടാണ് ഏതാനും ഗര്‍ഭിണികളായ നഴ്സുമാര്‍ ഇവിടെ പെട്ടുപോയത്.
അവര്‍ നേരത്തെ പോവാന്‍ തീരുമാനിച്ചിരുന്നവരും അതിന് എംഒഎച്ചിന്റെ അനുമതി കിട്ടിയിരുന്നവരുമാണ്. എന്നാല്‍, കൊവിഡ് കാരണം വിമാനങ്ങള്‍ പറന്നില്ല. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് ഒടുവില്‍ വിമാനസര്‍വീസ് (വന്ദേ ഭാരത്) തുടങ്ങിയപ്പോള്‍ അവര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ ടിക്കറ്റ് ലഭിക്കുകയും പലരും നാട്ടിലെത്തുകയും ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ കാലം കഴിഞ്ഞിട്ടെങ്കിലും ഇവരില്‍ ഒരാളെയെങ്കിലും പത്രത്തില്‍ ഇല്ലാക്കഥ ചമച്ച സുഹൃത്ത് തേടിപ്പിടിക്കണം. ധാര്‍മികതയുണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും അപമാനമായി ദയവുചെയ്ത് ഇത്തരം വിവേചനകഥകള്‍ പടച്ചുവിടരുത്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സാമാന്യബോധംവച്ച് ആലോചിക്കുകയെങ്കിലും വേണം. വിവേചനം അത് ഏതുമേഖലയിലായാലും വരുത്തുന്ന അപായങ്ങള്‍ കാണാതിരുന്നു കൂട.
ഡോ.വിനീതപിള്ള, സൗദി അറേബ്യ.