മുനമ്പം വഖ്ഫ് ഭൂമി: പറയാതെ വയ്യ, ചില അപ്രിയ സത്യങ്ങള്‍

Update: 2024-12-15 15:26 GMT

പി അബ്ദുല്‍ ഹമീദ്

മുനമ്പം വഖ്ഫ് ഭൂമി വിവാദം സമുദായ സൗഹാര്‍ദവും സഹവര്‍ത്തിത്വവും സമാധാന ജീവിതവും ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുംവിധം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെയും അംഗീകരിക്കാതെയുമുള്ള സമീപനങ്ങളും ഇടപെടലുകളും പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണ് സഹായിക്കുക.

മുനമ്പം വഖ്ഫ് പ്രശ്‌നത്തില്‍ മര്‍മ പ്രധാനമായ രണ്ടുവിഷയങ്ങളുണ്ട്. പതിറ്റാണ്ടുകളായി അവിടെ കഴിഞ്ഞുവരുന്ന താമസക്കാരുടെ ജീവിക്കാനുള്ള അവകാശമാണ് അതിലൊന്ന്. അവരെ വഴിയാധാരമാക്കുന്ന പ്രശ്‌ന പരിഹാരം ഒരു മതസംഘടനയും രാഷ്ട്രീയ പാര്‍ട്ടിയും ആവശ്യപ്പെടുന്നില്ല. മറ്റൊന്ന് മുനമ്പം ഭൂമി വഖ്ഫ് ആണോ അല്ലയോ എന്നതാണ്. ഈ രണ്ടുവിഷയങ്ങളെ അവഗണിച്ചുകൊണ്ടുള്ള പ്രശ്‌ന പരിഹാരം പ്രായോഗികവും ശ്വാശതവുമാവുകയുമില്ല. കണ്ണടച്ച് ഇരുട്ടാക്കിയുള്ള പ്രശ്‌ന പരിഹാരംകൊണ്ട് കാര്യമില്ലല്ലോ.

ചരിത്ര സംഗ്രഹം

കൊച്ചിയില്‍ സ്ഥിര താമസക്കാരനായി മാറിയ ഗുജറാത്തുകാരന്‍ സത്താര്‍ സേഠിന്റെ മകനും ധനികനും ഉദാരമതിയുമായ മുഹമ്മദ് സിദ്ദീഖ് സേഠ് 1950ല്‍ മലബാറിലെ കോഴിക്കോട്ടെ ന്യൂനപക്ഷപിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് സ്ഥാപിക്കപ്പെട്ട ഫാറൂഖ് കോളജിന്റെ (മലബാറിലെ അലിഗഡ്) ആവശ്യങ്ങള്‍ക്കുവേണ്ടി ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് പൂര്‍ണാര്‍ഥത്തില്‍ സംഭാവന (വഖ്ഫ്) ചെയ്ത സ്വത്താണ് എറണാകുളം ചെറായി മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി. സംഭാവന വഖ്ഫാണോ ഇഷ്ടദാനമാണോ എന്നതാണ് ഇപ്പോള്‍ തല്‍പ്പര കക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദം. ഇത് തുടര്‍ന്ന് പരിശോധിക്കാം.

പബ്ലിക്ക് വഖ്ഫ് നിയമ, ചട്ടങ്ങള്‍ പ്രകാരം താഴെ സൂചിപ്പിക്കുന്ന വ്യവസ്ഥകളോടെയായിരുന്നു ഭൂമി വഖ്ഫ് ചെയ്തു കൊടുത്തത്.

1. പ്രസ്താവ്യ വകകള്‍ ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് കൈവശം വച്ചു കരം തീര്‍ത്തും പട്ടയം പിടിച്ചും ക്രയ വിക്രയ സ്വാതന്ത്ര്യത്തില്‍ ഫാറൂഖ് കോളജിന്റെ ആവശ്യത്തിന് ഉപയോഗിച്ചു കൊള്ളണം.

2. വസ്തുവില്‍ പെട്ട വകകളും അതില്‍നിന്നു കിട്ടുന്ന ആദായവും പ്രസ്തുത കോളജിലെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നതല്ലാതെ മറ്റു യാതൊരു ആവശ്യത്തിനും ഉപയോഗിക്കാവതല്ല.

3. ഏതെങ്കിലും കാലത്തു ഫാറൂഖ് കോളജ് ഇല്ലാതെ വരുകയും ഈ വഖ്ഫ് വസ്തുവില്‍ പെട്ട വകകള്‍ ശേഷിക്കുകയും ചെയ്താല്‍ പട്ടിക വകകള്‍ മടക്കിയെടുക്കുവാന്‍ വാഖിഫിനും (വഖ്ഫ് ചെയ്യുന്നയാള്‍) അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതുമാകുന്നു.

ഈ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മുനമ്പം ഭൂമി വഖ്ഫല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുന്നില്‍ നിര്‍ത്തി ചില തല്‍പ്പര കക്ഷികള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. സ്വത്തിന്റെ ഉടമസ്ഥതയും കൈകാര്യകര്‍തൃത്വവും (മുതവല്ലി) ഏല്‍പ്പിക്കപ്പെട്ട ഫാറൂഖ് കോളജ് വഖ്ഫ് സ്വത്തിന്റെ വിഷയത്തില്‍ അക്ഷന്തവ്യമായ അലംഭാവവും കൃത്യവിലോപവും കാണിച്ചു എന്നതാണു വസ്തുത. വഖ്ഫ് സ്വത്തിന്റെ സംരക്ഷണം ഒരു അമാനത്ത് (വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം) ആണ്. അവരാണു വിഷയത്തില്‍ ഒന്നാം പ്രതി എന്നു പറയാതിരിക്കാന്‍ വയ്യ.

സിദ്ദീഖ് സേഠ് ഭൂമി ഫാറൂഖ് കോളജിന് കൈമാറിയതോടുകൂടി മുനമ്പം ഭൂമി തീര്‍ത്തും നാഥനില്ലാ കളരിയായി എന്നു പറയുന്നതാവും ശരി. സംസ്ഥാനത്തെ പൊന്നുംവില വരുന്ന കണ്ണായ സ്ഥലത്തു വ്യവസായ ലോബിയും റിസോര്‍ട്ട് മാഫിയയും കണ്ണുവച്ചു തുടങ്ങി. പലരും കൈയേറി വീടുവച്ച് താമസം ആരംഭിച്ചു. മുതവല്ലിക്ക് ഇത് കേട്ടറിവ് മാത്രമായിരുന്നു. സ്വത്തിന്റെ സംരക്ഷണവും കൈകാര്യ കര്‍തൃത്വവും സ്ഥലത്തെ കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. എം വി പോള്‍ എന്നയാളെ പവര്‍ ഓഫ് അറ്റോര്‍ണി (മുക്തിയാര്‍) നല്‍കി പ്രത്യേക കരാര്‍ ഉണ്ടാക്കി ഏല്‍പ്പിച്ച് കൊടുക്കുകയായിരുന്നു കോളജ് മാനേജ്‌മെന്റ്. ഇതു കോഴിയെ വളര്‍ത്തുന്നതിനു കുറുക്കനെ ഏല്‍പ്പിച്ചതു പോലെയായി. അദ്ദേഹം സ്ഥലം പലര്‍ക്കായി മുറിച്ചു വില്‍ക്കുകയായിരുന്നു. തുച്ഛമായ പണം മാത്രമാണ് കോളജ് മാനേജ്‌മെന്റിനു ലഭിച്ചത്.

നിസാര്‍ കമ്മീഷന്‍

സംസ്ഥാനത്തെ വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടത് അന്വേഷിക്കാനും കൈയേറ്റം തടയുന്നതിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി 2008ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പാലോളി മുഹമ്മദ് കുട്ടി വഖ്ഫ് മന്ത്രിയുമായിരുന്ന ഘട്ടത്തില്‍ നിശ്ചയിക്കപ്പെട്ട എം എ നിസാര്‍ കമ്മീഷന്റെ ചില കണ്ടെത്തലുകള്‍ ഇവിടെ പ്രസക്തമാണ്. കേരളത്തില്‍ മൊത്തം 600 ഏക്കറിലേറെ വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നത് മുനമ്പത്തെ 404 ഏക്കര്‍ വഖ്ഫ് ഭൂമിയാണ്. 22 ഏക്കര്‍ കടലെടുത്തു പോയി. 188 ഏക്കര്‍ അനധികൃതമായി വില്‍പ്പന നടത്തി. 199 ഏക്കര്‍ റിസോര്‍ട്ട്ഭൂ മാഫിയ കൈയേറ്റം നടത്തി. 404 ഏക്കറില്‍ മൂന്നിലൊന്നു ഭാഗത്തു മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. ബാക്കി ഭൂമി റിസോര്‍ട്ട് ഉടമകളും ഭൂ മാഫിയകളും ബാര്‍ ഹോട്ടല്‍ ഉടമകളും കൈയേറിയതാണ്. ബിനാമി ഇടപാടില്‍ ഭൂമി വാങ്ങിയവരില്‍ പ്രവാസികള്‍ പോലുമുണ്ടായിരുന്നു.

മുനമ്പം ഭൂമി വഖ്ഫ് അല്ല എന്ന വാദം

വഖ്ഫ് പ്രമാണത്തില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, വഖ്ഫ് നിരുപാധികം (അണ്‍ കണ്ടീഷണല്‍) ആയിരിക്കണം, മുനമ്പം പ്രമാണം കണ്ടീഷണല്‍ ആയത് കൊണ്ട് സ്വത്ത് വഖ്ഫ് ആവുകയില്ല എന്നാണ് വാദം. വഖ്ഫ് സ്വത്തിന്റെ ഉപയോഗം നിര്‍ദിഷ്ട ആവശ്യത്തിന് തന്നെയാവണം എന്ന് ഉറപ്പു വരുത്തുന്ന ഈ വ്യവസ്ഥയുടെ സാംഗത്യവും താല്‍പ്പര്യവും ഏത് കൊച്ചുകുട്ടിക്കും മനസ്സിലാവുന്നതാണ്.

'ഫാറൂഖ് കോളജ് ഇല്ലാതെ വരുന്ന' സാഹചര്യത്തില്‍ സ്വത്ത് തിരിച്ചെടുക്കുവാനുള്ള വാഖിഫിന്റെ അവകാശവും അധികാരവും പരാമര്‍ശിക്കുന്നത് സ്വത്ത് സമാനമായ സംരംഭത്തിനു തന്നെ ഏല്‍പ്പിക്കുന്നതിനാണെന്ന് മനസ്സിലാക്കാനാവും. എന്നാല്‍, പരിണതപ്രജ്ഞനെന്ന് കരുതപ്പെടുന്ന ഒരു റിട്ടയേഡ് ജസ്റ്റിസ് ഇത് വഖ്ഫ് സ്വത്തല്ല എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത് സമൂഹത്തില്‍ ആശയക്കുഴപ്പത്തിനു കാരണമാവുന്നുണ്ട്. ഇതിന്റെ താല്‍പ്പര്യം അറിയുന്നവര്‍ക്കറിയാം.

വസ്തുതകള്‍ ഒന്നും പരിഗണിക്കാതെ വി ഡി സതീശന്‍ മുനമ്പം ഭൂമി വഖ്ഫല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് ഏറെ ദുരൂഹമാണ്. സതീശന്‍ ഗീബല്‍സിനു പഠിക്കുകയാണോ എന്നു തോന്നിപ്പോവും. സമുദായ ബന്ധങ്ങളില്‍ വിള്ളല്‍ ഇല്ലാതാക്കാന്‍, പ്രമുഖ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ചുകൊണ്ടാണ് താനിതു പറയുന്നതെന്നാണ് സതീശന്‍ പറയുന്നത്.

പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടി മുസ്‌ലിം സംഘടന നേതാക്കളെ വിളിച്ചുകൂട്ടി മുനമ്പം സ്വത്ത് വഖ്ഫല്ല എന്ന് സമ്മതിപ്പിച്ചതാണത്രെ. കാളയെ അറുക്കുന്നതിനു മുമ്പ് തലയില്‍ വെള്ളമൊഴിച്ച് തല കുലുക്കുന്നത് സമ്മതമായി കാണുന്നതു പോലെ ഇങ്ങനെ ഒരു സമ്മതപത്രം ഹാജരാക്കുന്നതിലൂടെ, പകല്‍പോലെ വ്യക്തമായ തെളിവുകള്‍ ഉള്ള വഖ്ഫ് അതല്ലാതാകുമോ? ഒരു മതേതര രാഷ്ട്രീയ പാര്‍ട്ടിക്ക് മുസ്‌ലിം നേതാക്കളെ വിളിച്ചുകൂട്ടി സമ്മതം വാങ്ങാന്‍ എന്താണ് അധികാരം? അവരല്ലേ ഇതു രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ പ്രശ്‌നമാക്കി മാറ്റിയത്. സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ ഇതിലെ കക്ഷികളാണോ? സമവായ ശ്രമമാണെങ്കില്‍ അതു നടത്തേണ്ടത് സര്‍ക്കാരല്ലേ?

സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കാരണമായി പ്രശ്‌നം സങ്കീര്‍ണമാവുന്നതു വരെ കാത്തിരുന്നതിനു ശേഷമാണെങ്കിലും സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു പ്രശ്‌ന പരിഹാരത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുകയും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'മുനമ്പത്ത് ദശാബ്ദങ്ങളായി താമസിക്കുന്നവരുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പു വരുത്തും, നിയമപരമായ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. മുനമ്പം ഭൂമി വഖ്ഫാണെന്നത് വസ്തുതയാണ്' ഉന്നതതല യോഗത്തിന് ശേഷം ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിക്കുന്നതിനു മുമ്പുതന്നെ പ്രതിപക്ഷ നേതാവ് മുന്‍വിധിയോടെ പ്രശ്‌നത്തില്‍ വിധി പറയുന്നത് വിചിത്രവും ദുരുദ്ദേശ്യപരവുമാണ്. മുനമ്പം ഭൂമി വഖ്ഫ് അല്ലായെന്നു സതീശന്‍ സമ്മതപത്രം വാങ്ങിയിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എംഎല്‍എ 2022 ഡിസംബര്‍ 12ന് മുനമ്പം ഭൂമി വഖ്ഫ് തന്നെയാണന്നും ഭൂമി കൈവശംവച്ചിരിക്കുന്നവര്‍ക്കു കരം അടയ്ക്കാന്‍ അനുവാദം നല്‍കിയതു നിയമ വിരുദ്ധമാണെന്നും സതീശനെ മുന്‍ നിര്‍ത്തി നിയമസഭയില്‍ പറഞ്ഞത് സഭാ രേഖകളിലുണ്ട്. നേരത്തെ വഖ്ഫ് ബോര്‍ഡ് അംഗമായിരുന്ന മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ എം സി മായിന്‍ ഹാജിയും ഇക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ താല്‍പ്പര്യങ്ങള്‍ വ്യക്തമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരനായ, സ്വന്തം പാര്‍ട്ടിക്കാരനായ വക്കീലിന്റെ ചെയ്തികള്‍ക്കു ന്യായീകരണം കണ്ടെത്തുക, സ്വന്തം മുന്നണിയിലെ ഘടക കക്ഷിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക. വിഷയത്തില്‍ ഒന്നാം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഫാറൂഖ് കോളജ് മാനേജ്‌മെന്റിലെ വര്‍ത്തക പ്രമാണിമാരെ രക്ഷപ്പെടുത്തുക, ഒപ്പം മുനമ്പത്ത് കൈയേറ്റം നടത്തിയ റിസോര്‍ട്ട് ബാര്‍ ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്നതും, സ്വത്ത് വഖ്ഫല്ല എന്ന വാദവുമായി കോളജ് മാനേജ്‌മെന്റ് രംഗത്തു വന്നതുതന്നെ മേല്‍പ്പറഞ്ഞ കക്ഷികളുമായുള്ള അച്ചുതണ്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ഉപശാല ചര്‍ച്ചയുണ്ട്.

മുനമ്പം ഭൂമി വഖ്ഫ് തന്നെ

1950 ഫെബ്രുവരി ഒന്നിന് മുഹമ്മദ് സിദ്ദീഖ് സേഠ് എന്ന മനുഷ്യസ്‌നേഹി 2115/ 1950 എന്ന നമ്പറില്‍ ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ അന്നത്തെ ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന പാലക്കാട് ഒലവക്കോട് സ്വദേശി ഖാന്‍ ബഹാദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബിനു വഖ്ഫാധാരം ചെയ്തു കൊടുത്തതായി രേഖകളില്‍ കാണാവുന്നതാണ്. 1951 മാര്‍ച്ച് 28ന് പറവൂര്‍ തഹസില്‍ദാര്‍ സ്ഥലത്തിനു പോക്കുവരവ് നടത്തി 650 നമ്പറായി പട്ടയം നല്‍കിയിരുന്നു. 1990 ജനുവരി 23ന് കുഴിപ്പള്ളി വില്ലേജ് ഓഫിസര്‍ കോളജ് മാനേജ്‌മെന്റിന് പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. വഖ്ഫ് സ്വത്ത് ദാനാധാരം (ഗിഫ്റ്റ് ഡീഡ്) ആയി തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കോളജ് മാനേജ്‌മെന്റ് പാട്ടത്തിനു നല്‍കിയ 114 ഏക്കര്‍ ഭൂമിയിലെ കൃഷിയും ആദായവും സംബന്ധിച്ച് പറവൂര്‍ സബ്‌കോടതിയില്‍ നല്‍കപ്പെട്ട 53/1967 അന്യായത്തില്‍ കോടതി റിസീവറെ നിശ്ചയിക്കുകയുണ്ടായി. രേഖ, ദാനാധാരം (ഗിഫ്റ്റ് ഡീഡ്) അല്ല വഖ്ഫ് ആധാരം തന്നെയാണെന്ന് 1971 ജൂലൈ 12ന് പറവൂര്‍ സബ്‌കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി.

കോളജ് അധികൃതര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് സബ്‌കോടതി വിധി ശരിവച്ച് 1971 സെപ്തംബര്‍ 30ന് ഹൈക്കോടതി വിധി വന്നു. 2008-2009 വര്‍ഷങ്ങളില്‍ ഇതുസംബന്ധമായി ഹൈക്കോടതിയില്‍ കലക്ടര്‍ നല്‍കിയ മറുപടിയില്‍ സ്വത്ത് വഖ്ഫ് ഭൂമിയാണെന്നു പറയുന്നുണ്ട്. ഫാറൂഖ് കോളജ് ഭൂമി വഖ്ഫാണെന്നും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ വഖ്ഫ് ബോര്‍ഡിനെക്കൊണ്ട് നടപടി എടുപ്പിക്കാനുമുള്ള എം എ നിസാര്‍ കമ്മീഷന്റെ ശുപാര്‍ശ 2010 മെയ് 31ന് വി എസ് മന്ത്രിസഭ അംഗീകരിച്ചതാണ്. ഇതുസംബന്ധമായി കമ്മീഷന്‍ കോളജ് മാനേജ്‌മെന്റിന് നോട്ടീസ് അയയ്ക്കുകയുണ്ടായി. നടപടിക്രമവുമായി പത്തുവര്‍ഷം കടന്നുപോയപ്പോയാണ് 2020ല്‍ ടി എം അബ്ദുല്‍ സലാം, നാസര്‍ മനയില്‍ എന്നിവര്‍ ഭാരവാഹികളായ വഖ്ഫ് സംരക്ഷണ സമിതി വീണ്ടും നിയമ നടപടികളുമായി രംഗത്തു വന്നത്.

ഫാറൂഖ് കോളജ് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത

ക്രയവിക്രയം നടത്തുന്നതിന് 1998 ഡിസംബര്‍ 27ന് അഡ്വ. എം വി പോളിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി പ്രത്യേക കരാറുണ്ടാക്കി ഏല്‍പ്പിച്ചു കൊടുത്തതു തന്നെ അനധികൃതവും വലിയ പാതകവുമായിരുന്നു. ഭൂമി ഇടനിലക്കാരെ ഉപയോഗിച്ച് രണ്ടോ മൂന്നോ ആളുകള്‍ക്ക് കൈമാറി കൂടുതല്‍ 'മുന്നാധാരങ്ങള്‍' ഉണ്ടാക്കുകയുണ്ടായി. ആവശ്യക്കാരന്‍ രേഖ പരിശോധിക്കുമ്പോള്‍ ഭൂമി വഖ്ഫ് ആണെന്നു തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

ഫാറൂഖ് കോളജ് വഖ്ഫ് ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാതെ 60 വര്‍ഷം വച്ചുതാമസിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സിദ്ദീഖ് സേഠിന്റെ മക്കള്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണം എന്നാവശ്യപ്പെട്ട് വഖ്ഫ് ബോര്‍ഡിനെ സമീപിച്ചു. ഇതേ തുടര്‍ന്ന് വഖ്ഫ് ബോര്‍ഡ് 2019 മെയ് 20ന് കോളജ് മാനേജ്‌മെന്റിനു താഴെ പറയും പ്രകാരം അന്ത്യശാസനം നല്‍കുകയുണ്ടായി. 'മുനമ്പം ഭൂമിയുടെ മുത്തവല്ലിയായ കോളജ് മാനേജ്‌മെന്റ് ഈ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ മുനമ്പം വഖ്ഫ് ഭൂമി, വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കേണ്ടതാണ്.

അല്ലാത്ത പക്ഷം 2115/1950 വഖ്ഫാധാര പ്രകാരം ലഭ്യമായ രേഖകള്‍ വച്ച് ഭൂമി സ്വമേധയാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്. 'മാനേജ്‌മെന്റ് രേഖകള്‍ ഹാജരാക്കാത്തതിന്റെ പശ്ചാത്തലത്തില്‍ വഖ്ഫ് ബോര്‍ഡ് ആസ്ഥാന സൂപ്രണ്ട് 2019 സെപ്തംബര്‍ 25 ന് 9980/6 നമ്പറായി ഭൂമി സ്വമേധയാ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. ഫാറൂഖ് കോളജ് മാനേജ്‌മെന്റും അവരെ സഹായിക്കുന്ന വിശാസികളായ ആളുകളും ഗൗരവപൂര്‍വം ആലോചിക്കേണ്ട ചില വസ്തുതകളുണ്ട്. തീക്കൊള്ളി കൊണ്ടാണ് തങ്ങള്‍ക്ക് സ്വയം കവചം തീര്‍ക്കുന്നത് എന്നതാണ് ഒന്ന്.

തങ്ങളുടെ കെടുകാര്യസ്ഥതയും വഴിവിട്ട നടപടികളും മറച്ചുപിടിക്കാന്‍ ദൈവപ്രീതിയും പരലോക മോക്ഷവും ഉന്നംവച്ച് വഖ്ഫ് ചെയ്യപ്പെട്ട സ്വത്തിന്റെ അടിസ്ഥാനം തന്നെ നിഷേധിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. ഇത് സ്വന്തം പിതൃത്വം നിഷേധിക്കുന്നതിനു തുല്യമാണെന്നു പറയേണ്ടിവരും. ഈ നിലപാടും നടപടികളും ഭാവി തലമുറയിലെ ഉദാരമതികള്‍ക്കും ഉമറാക്കള്‍ക്കും ദീനി പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന സന്ദേശമെന്തായിരിക്കും. രാഷ്ട്രീയക്കാര്‍ക്ക് എന്തുമാകാം എന്നാണോ? ദീന്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കും അങ്ങനെയാവാമോ?

പരിഹാരം

പ്രശ്‌നത്തിന് അടിയന്തര പരിഹാരം സാധ്യമാവേണ്ടതുണ്ട്. സംഘപരിവാരവും അവരുടെ ആശയ പങ്കാളികളും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി സമൂഹത്തില്‍ മതധ്രുവീകരണം സാധ്യമാക്കുന്നതിനു കൊണ്ടുപിടിച്ച പരിശ്രമം തുടരുകയാണ്. എല്ലാ വിഭാഗം മനുഷ്യര്‍ക്കും മറ്റു ജീവ ജീവജാലങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന വഖ്ഫ് സംവിധാനം തന്നെ തകര്‍ക്കുന്നതിനും ഇതര മതസ്ഥാപനങ്ങള്‍ക്കു നേരെയുള്ള അവകാശവാദത്തിനും കൈയേറ്റത്തിനും നിയമ സാധുത ഉറപ്പു വരുത്തുന്നതിനുമുള്ള നിര്‍ദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിന് പശ്ചാത്തലമൊരുക്കുന്നതിന് അവര്‍ ഇതിനെ ഉപയോഗിക്കുകയാണ്.

മുനമ്പത്തെ റിസോര്‍ട്ട് ബാര്‍ മാഫിയകള്‍, പാവപ്പെട്ട മുനമ്പം താമസക്കാരെ മറയാക്കിക്കൊണ്ടുള്ള കരുനീക്കങ്ങള്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിനു പിന്നിലുണ്ടെന്നത് കാണാതിരുന്നു കൂടാ. പ്രശ്‌ന പരിഹാരത്തിനു വിട്ടുവീഴ്ച അനിവാര്യമാണ്. എന്നാല്‍ വസ്തുതകളെ നിഷേധിച്ചുകൊണ്ടുള്ള വിട്ടുവീഴ്ചയ്ക്ക് ഒളിച്ചോട്ടമെന്നാണു പറയുക. അത് ശാശ്വതവും പ്രായോഗികവുമായ പ്രശ്‌ന പരിഹാരത്തിനു സഹായകമാവുകയില്ല. മുനമ്പം നിവാസികളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിച്ചുകൊണ്ട്, സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിനു വിള്ളലേല്‍ക്കാതെ, വഖ്ഫ് ഭൂമി സംരക്ഷിച്ചുകൊണ്ടുള്ള പരിഹാരമാണുണ്ടാവേണ്ടത്. സര്‍ക്കാര്‍ തന്നെയാണ് അതിന് കാര്‍മികത്വം വഹിക്കേണ്ടത്.

(എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷനും ദേശീയ പ്രവര്‍ത്തക സമിതി അംഗവുമാണ് ലേഖകന്‍

Similar News