പെരിന്തല്‍മണ്ണ: 2020-21 അധ്യയനവര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിനായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി സി ടി സന ഷിറിന്റെ ആശയം തിരഞ്ഞെടുത്തു. 10,000 രൂപയാണ് അവാര്‍ഡ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷനും ചേര്‍ന്ന് ദേശീയതലത്തില്‍ ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കാനാണ് ഇന്‍സ്പയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാചകവാതക ചോര്‍ച്ചമൂലമുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗ്യാസ് ലീക്കേജ് ഡിറ്റക്ടര്‍ നിര്‍മിക്കാമെന്ന ആശയത്തിനാണ് പുരസ്‌കാരം.ഈ ഉപകരണം നിര്‍മിക്കുന്നതിലൂടെ വന്‍ദുരന്തങ്ങള്‍ പോലും തടയാനാകുമെന്നതാണ് സന ഷിറിന്റെ കണ്ടെത്തല്‍. വൈലോങ്ങര സ്വദേശിയും അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ ചക്കിങ്ങല്‍തൊടി ഷാജഹാന്റെയും ഷൗഫിയുടെയും ഏകമകളാണ് സന ഷിറിന്‍.