നിക്ഷേപത്തട്ടിപ്പ്: എം സി കമറുദ്ദീനെതിരേ ലീഗിന്റെ അച്ചടക്ക നടപടി; ആറുമാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നല്‍കണം
കമറുദ്ദീന്റെ ബാധ്യതകളുടെയും ആസ്തിയുടെയും വിവരങ്ങള്‍ സപ്തംബര്‍ 30നകം പാര്‍ട്ടിക്ക് കൈമാറണം. പരമാവധി 6 മാസത്തിനകം എല്ലാവരുടെയും കടബാധ്യത തീര്‍ക്കണം. പ്രശ്‌നങ്ങള്‍ കമറുദ്ദീന്‍തന്നെ പരിഹരിക്കണം. സാമ്പത്തികബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കില്ല.
മലപ്പുറം: ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെതിരേ അച്ചടക്കനടപടിയുമായി മുസ്‌ലിം ലീഗ്. യുഡിഎഫിന്റെ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കമറുദ്ദീനെ നീക്കി. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ആറുമാസത്തിനുള്ളില്‍ പണം മടക്കിനല്‍കണമെന്നും ലീഗ് കര്‍ശന നിര്‍ദേശം നല്‍കി. പാര്‍ട്ടി യോഗത്തിനുശേഷം പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍, കെ പി എ മജീദ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കമറുദ്ദീന്റെ ബാധ്യതകളുടെയും ആസ്തിയുടെയും വിവരങ്ങള്‍ സപ്തംബര്‍ 30നകം പാര്‍ട്ടിക്ക് കൈമാറണം. പരമാവധി 6 മാസത്തിനകം എല്ലാവരുടെയും കടബാധ്യത തീര്‍ക്കണം. പ്രശ്‌നങ്ങള്‍ കമറുദ്ദീന്‍തന്നെ പരിഹരിക്കണം. സാമ്പത്തികബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കില്ല. നിക്ഷേപത്തട്ടിപ്പില്‍ മധ്യസ്ഥതയ്ക്കായി ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ നിയോഗിച്ചതായും പാര്‍ട്ടിയുടെ നേതാവായതിനാലാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമറുദ്ദീന്റെ വ്യവസായം തകര്‍ന്നതാണ്. കേസുമായി മുന്നോട്ടുപോവുന്നവര്‍ക്ക് പോവാം. പണം വേണ്ടവര്‍ക്ക് മടക്കിനല്‍കും.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനമാനങ്ങളില്‍നിന്നും മാറിനില്‍ക്കണമെന്നും കാസര്‍കോട്ടെ പാര്‍ട്ടി ഘടകത്തിന് നിര്‍ദേശം നല്‍കിയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജ്വല്ലറി വിവാദം ചര്‍ച്ച ചെയ്യാനായി കാസര്‍കോട്ടെ മുസ്‌ലിംലീഗ് നേതൃത്വത്തെ ഇന്ന് രാവിലെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയിരുന്നു. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നീ നേതാക്കളുമായി കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, കാസര്‍കോട് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ടി ഇ അബ്ദുല്ല എന്നിവര്‍ മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം ആദ്യം മുതലാണ് കാസര്‍കോട് ഫാഷന്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ സജീവമായത്. എംഎല്‍എയെ മുന്നില്‍ നിര്‍ത്തി സാധാരണക്കാരായ നിക്ഷേപകരില്‍നിന്നും ലക്ഷക്കണക്കിന് രൂപയാണ് ജ്വല്ലറിയുടെ നടത്തിപ്പുക്കാര്‍ കൈപ്പറ്റിയത്. ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്ന ഘട്ടത്തില്‍ പ്രശ്‌നം എംഎല്‍എ തന്നെ തീര്‍ക്കുമെന്നും നാലുമാസത്തിനകം നിക്ഷേപകര്‍ക്കെല്ലാം പണം തിരികെ കിട്ടുമെന്നുമായിരുന്നു ലീഗ് നേതൃത്വം ആദ്യം പറഞ്ഞത്. എന്നാല്‍, എട്ടുമാസം പിന്നിട്ടിട്ടും നിക്ഷേപകര്‍ക്ക് പണം കിട്ടാതെവരികയും പ്രശ്‌നം താഴെത്തട്ടില്‍ ആളിക്കത്തുകയും ചെയ്തതോടെയാണ് കര്‍ശന നടപടിയിലേക്ക് ലീഗ് നേതൃത്വമെത്തിയത്.