സ്വര്‍ണ നിക്ഷേപതട്ടിപ്പ്: ലീഗ് നേതാവ് പൂക്കോയ തങ്ങള്‍ കീഴടങ്ങി
ജ്വല്ലറി എംഡിയും മുസ്‌ലിം ലീഗ് ജില്ല നിര്‍വാഹക സമിതി അംഗവുമായ പൂക്കോയ തങ്ങള്‍ ജ്വല്ലറിത്തട്ടിപ്പില്‍ നൂറോളം കേസില്‍ പ്രതിയാണ്. തട്ടിപ്പ് പരാതിയായി പോലിസില്‍ എത്തിയപ്പോഴാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിത്തട്ടിപ്പിലെ മുഖ്യപ്രതി ലീഗ് നേതാവായ ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങി. ഹൊസ്ദുര്‍ഗ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒന്നില്‍ ബുധനാഴ്ച പകല്‍ 12 ഓടെയാണ് കീഴടങ്ങിയത്. ജ്വല്ലറി എംഡിയും മുസ്‌ലിം ലീഗ് ജില്ല നിര്‍വാഹക സമിതി അംഗവുമായ പൂക്കോയ തങ്ങള്‍ ജ്വല്ലറിത്തട്ടിപ്പില്‍ നൂറോളം കേസില്‍ പ്രതിയാണ്. തട്ടിപ്പ് പരാതിയായി പോലിസില്‍ എത്തിയപ്പോഴാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.
ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം സി ഖമറുദീനായിരുന്നു ജ്വല്ലറി ചെയര്‍മാന്‍. ഇരുവരുടെയും നേതൃത്വത്തില്‍ 800 ഓളം പേരില്‍ നിന്നായി ജ്വല്ലറിക്കായി 150 കോടിയോളം സമാഹരിച്ചിരുന്നു. ലാഭവിഹിതം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് ഓഹരി സമാഹരിച്ചത്. നൂറോളം കേസില്‍ പ്രതിയായ എം സി ഖമറുദ്ദീന് മൂന്ന് മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു.
അഭിഭാഷകന്‍ പി വൈ അജയകുമാര്‍ മുഖേനയാണ് ഒമ്പത് മാസം ഒളിവില്‍ കഴിഞ്ഞ തങ്ങള്‍ കോടതിയിലെത്തിയത്. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്. ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ടീമാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. തങ്ങളുടെ മകനും ജ്വല്ലറി ഡയറക്ടറുമായ ഇപ്പോഴും ഹിഷാം ഒളിവിലാണ്.