കണ്ണൂര്‍: ഇസ്‌ലാം വിഭാവനം ചെയ്യുന്നത് അതിരുകളില്ലാത്ത മാനവികതയാണെന്നും ജാതി, മത, ഭാഷാ, ദേശ ഭേദമന്യേ മനുഷ്യര്‍ എന്ന നിലയില്‍ പരസ്പരം സഹകരണത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയാനാണ് മതം പഠിപ്പിക്കുന്നത് എന്നും ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു. ജംഇയ്യത്തുല്‍ ഉലമയുടെ റിലീഫ് സെല്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കിയ 40 ഭവനങ്ങളുടെ താക്കോല്‍ ദാന ചടങ്ങില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് ലക്ഷ്യമിടുന്നത് വിശ്വാസ സംരക്ഷണവും അതിരുകളില്ലാത്ത സൃഷ്ടി സേവനവുമാണ്. ഗുജറാത്ത്, കശ്മീര്‍, ആസാം, മുസഫര്‍ നഗര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ജാതി മത ഭേദമന്യേ ഇതിനോടകം ആയിരക്കണക്കിന്വീടുകള്‍ സംഘടന നിര്‍മിച്ച് നല്‍കി.ഇസ്‌ലാമിന്റെ അധ്യാപനമാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചത്. നിരപരാധികളെ കൊന്നൊടുക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതവുമായി യാതൊരു ബന്ധവും ഇല്ല. അവര്‍ മനുഷ്യരല്ല. ഇത്തരം അക്രമങ്ങളെ ഇസ്‌ലാമിന്റെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വിശ്വാസികള്‍ പ്രതിരോധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഗീയതയും സങ്കുചിതത്വവും വച്ചു പുലര്‍ത്താതെ, മാനവികതയും വിശാലതയും ഉള്‍ക്കൊള്ളുന്ന ആരുമായും സംഘടന സഹകരിക്കുമെന്ന് ആദ്ദേഹം പ്രഖ്യാപിച്ചു. സഹവര്‍ത്തിത്വത്തിലൂടെ മാത്രമേ രാജ്യ പുരോഗതി സാധ്യമാവൂ. അതിനായി നാം ഒറ്റക്കെട്ടായി നില്‍ക്കണം എന്നും അര്‍ഷദ് മദനി പറഞ്ഞു. വയനാട്, മലപ്പുറം, എറണാകുളം, ആലപ്പുഴജില്ലകളിലാണ് ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ 40 വീടുകളുടെ താക്കോല്‍ ദാനമാണ് തളിപ്പറമ്പില്‍ വച്ചു നടന്നത്. ഭവന നിര്‍മാണം സ്തുത്യര്‍ഹമായ നിലയില്‍ പൂര്‍ത്തിയാക്കിയ ശംസുദ്ദീന്‍ പരിയാരത്തിനു ജംഇയ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തന കണ്‍വീനര്‍ കായംകുളം സുബിയാന്‍ സേട്ട് എന്നിവര്‍ക്ക് മൗലാനഉപഹാരം നല്‍കി. ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് സംസ്ഥാന ഘടകം പ്രസിഡന്റ് പിപി ഇസ്ഹാഖ് മൗലവി അല്‍ ഖാസിമി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സൈദ് മുഹമ്മദ് അല്‍ ഖാസിമി. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി, ഡോക്ടര്‍ പി എ ഇബ്രാഹിം ഹാജി, ജംഇയ്യത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് അന്‍സാരി നദ്‌വി, സംസ്ഥാന മീഡിയ സെക്രട്ടറി വി എച്ച് അലിയാര്‍ ഖാസിമി, സെക്രട്ടറി ഷറഫുദ്ദീന്‍ അസ്‌ലമി, ഓര്‍ഗനൈസര്‍ഷംസുദ്ദീന്‍ ഖാസിമി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷബീര്‍ മൗലവി, അബ്ദുല്ല മൗലവി, അബ്ദുല്‍ റസാഖ് കല്‍പ്പറ്റ, മഹ്മൂദ് അള്ളാംകുളം, റാഷിദ് മൗലവി അല്‍ ഖാസിമി, ഗഫൂര്‍ വെണ്ണിയോട് സംസാരിച്ചു.