ആര്‍എസ്എസ് പരിപാടിയില്‍ ജേക്കബ് തോമസ്; വേദി പങ്കിടുന്നത് ക്രിമിനല്‍ കേസ് പ്രതിക്കൊപ്പം
കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജേക്കബ് തോമസ് കേന്ദ്ര സര്‍വീസില്‍ ഉന്നത പദവി ലക്ഷ്യമിട്ട് ബിജെപിയിലേക്ക് ചുവടുമാറുന്നുവെന്നായിരുന്നു ആരോപണം
കൊച്ചി: സസ്‌പെന്‍ഷനില്‍ കഴിയുന്ന വിജിലന്‍സ് മുന്‍ ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസ് ആര്‍എസ്എസ് പരിപാടിയിലെത്തുന്നു. ആര്‍എസ്എസിന്റെ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ഐടി മിലന്‍ കൊച്ചി ജൂലൈ 18ന് വൈകീട്ട് ഏഴിനു കാക്കനാട് മാവേലിപുരം എംആര്‍എ ഹാളില്‍ നടത്തുന്ന ശ്രീ ഗുരുപൂജ ഗുരുദക്ഷിണ മഹോല്‍സവത്തിലാണ് ജേക്കബ് തോമസ് അധ്യക്ഷനാവുന്നത്. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖും ഇരിട്ടി യാക്കൂബ്, പുന്നാട് മുഹമ്മദ് വധക്കേസുകള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിസ്ഥാനത്തുണ്ടാവുകയും ചെയ്തിരുന്ന വല്‍സന്‍ തില്ലങ്കേരിക്കൊപ്പമാണ് ജേക്കബ് തോമസ് വേദി പങ്കിടുന്നത്. അക്രമരാഷ്ട്രീയത്തിനും അഴിമതിക്കുമെതിരേ പോരാടുന്നുവെന്ന് നിരന്തരം അവകാശപ്പെട്ടിരുന്ന തോമസ് ജേക്കബിന്റെ സംഘപരിവാര പ്രവേശനത്തിന്റെ ആദ്യപടിയാണ് പരിപാടിയെന്നാണു സൂചന. തുറമുഖ വകുപ്പിന്റെ ചുമതലയുണ്ടായിരിക്കെ നടത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിനെതിരേ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമായി സസ്‌പെന്റ് ചെയ്തത്. ഇതിനുപുറമെ, സര്‍വീസിലിരിക്കെ തന്നെ അനുമതിയില്ലാതെ പുസ്തകമെഴുതുകയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ പരാമര്‍ശം നടത്തുകയും ചെയ്തതോടെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ കൂട്ടായ്മയായ ട്വന്റി ട്വന്റിയുടെ ബാനറില്‍ മല്‍സരിക്കുമെന്ന് ചാലക്കുടിയില്‍ അറിയിക്കുകയും വിആര്‍എസിന് അനുമതി തേടി സര്‍ക്കാരിനെ സമീപിക്കുകയും ചെയ്‌തെങ്കിലും അനുമതി നിഷേധിച്ചതോടെ പിന്‍മാറി. കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജേക്കബ് തോമസ് കേന്ദ്ര സര്‍വീസില്‍ ഉന്നത പദവി ലക്ഷ്യമിട്ട് ബിജെപിയിലേക്ക് ചുവടുമാറുന്നുവെന്നായിരുന്നു ആരോപണം. അതിനിടെയാണ്, ആര്‍എസ്എസ് സാംസ്‌കാരിക സംഘടനയാണെന്നും അവരുമായി പതിറ്റാണ്ടുകളായി ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ജേക്കബ് തോമസ് വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെത്തി ആര്‍എസ്എസ്-ബിജെപി കേന്ദ്രനേതാക്കളുമായും ഇദ്ദേഹം ചര്‍ച്ച നടത്തിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു മുമ്പ് തന്നെ ആര്‍എസ്എസ് പരിപാടിയില്‍ പരസ്യമായി പങ്കെടുക്കാനുള്ള ജേക്കബ് തോമസിന്റെ തീരുമാനം നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നാണു സൂചന.
ഐടി പ്രൊഫഷനലുകള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് 2004ല്‍ ഐടി മിലന്‍ എന്ന പേരില്‍ ആര്‍എസ്എസ് ശാഖകള്‍ തുടങ്ങിയത്. പൂനെ, ബാംഗ്ലൂര്‍, ഹൈദരബാദ് തുടങ്ങിയ വിവിധ സൈബര്‍ സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന ഐടി മിലന് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണു ശാഖകളുള്ളത്. ഐടി മേഖലയില്‍ ചുവടുറപ്പിക്കുക വഴി ആര്‍എസ്എസ് വിവിധ സംസ്ഥാനങ്ങളില്‍ വ്യാജവാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചതായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു ഐടി മേഖലയില്‍ ബിജെപിയുമായി ബന്ധപ്പെട്ട നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായും ദേശീയ മാധ്യമങ്ങളടക്കം റിപോര്‍ട്ട് ചെയ്തിരുന്നു. രാജ്യവ്യാപകമായി 2000ത്തോളം പേര്‍ ഐടി മിലനില്‍ അംഗങ്ങളായിട്ടുണ്ടെന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്.