ബിജെപിയില്‍ മേല്‍വിലാസമില്ലാതെ മെട്രോമാനും ജേക്കബ് തോമസും

കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെന്നു വരെ വിഷേശിപ്പിച്ച് ബിജെപിക്കാര്‍ ആനയിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടോ എന്നു പോലും അറിയാത്ത അവസ്ഥ. സമാനമായ ഗതികേടിലാണ് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി ജേക്കബ് തോമസും നേരിടുന്നത്. സംഘ പരിവാരത്തെ പ്രീണിപ്പിക്കാന്‍ മുസ്‌ലിം വിദ്വേഷത്താല്‍ സ്വയം ആളിക്കത്തിയ മുന്‍ പൊലിസ് മേധാവി ടിപി സെന്‍കുമാറും അണഞ്ഞ മട്ടാണ്.

Update: 2021-09-25 05:54 GMT

പി സി അബ്ദുല്ല

കോഴിക്കോട്: അമിത സ്വപ്‌നങ്ങളുടെ ചിറകിലേറി ബിജെപിയില്‍ ചേക്കേറിയ പ്രമുഖര്‍ കടുത്ത നിരാശയില്‍. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെന്നു വരെ വിഷേശിപ്പിച്ച് ബിജെപിക്കാര്‍ ആനയിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടോ എന്നു പോലും അറിയാത്ത അവസ്ഥ.

സമാനമായ ഗതികേടിലാണ് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി ജേക്കബ് തോമസും നേരിടുന്നത്. സംഘ പരിവാരത്തെ പ്രീണിപ്പിക്കാന്‍ മുസ്‌ലിം വിദ്വേഷത്താല്‍ സ്വയം ആളിക്കത്തിയ മുന്‍ പൊലിസ് മേധാവി ടിപി സെന്‍കുമാറും അണഞ്ഞ മട്ടാണ്.

അടുത്ത അഞ്ചു വര്‍ഷം കേരളം ബിജെപി ഭരിക്കുമെന്ന കെ സുരേന്ദ്രനടക്കമുള്ളവരുടെ വിടു വായത്തം വിശ്വസിച്ചെത്തിയവര്‍ക്കെല്ലാം പാര്‍ട്ടിയിലും പൊതു രംഗത്തും മേല്‍വിലാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയില്‍ കടുത്ത അവഗണന നേരിടുന്നുവെന്ന നിരാശയിലാണ് പ്രമുഖര്‍. ഇ ശ്രീധരനും ജേക്കബ് തോമസും ഇതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു എന്നാണ് സൂചന.

മെട്രോമാന്‍ എന്ന നിലയില്‍ പൊതു സ്വീകാര്യതയില്‍ ശോഭിച്ചു നില്‍കുമ്പോഴാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ശ്രീധരന്റെ പാര്‍ട്ടി പ്രവേശത്തെ ബിജെപി കേന്ദ്ര നേതാക്കളടക്കം വലിയ വായില്‍ വാഴ്ത്തുകയും ചെയ്തു. ഒരു വിഭാഗം മാധ്യമങ്ങള്‍ അമിത വാര്‍ത്താ പ്രാധാന്യം കൂടി നല്‍കിയതോടെ കേരളം തന്റെ കാല്‍ കീഴിലായെന്ന നിലയിലെത്തി മെട്രോ മാന്‍. കേരളത്തില്‍ എഴുപത് സീറ്റിലേറെ ഇത്തവണ ബിജെപി നേടുമെന്നും താന്‍ മുഖ്യ മന്ത്രിയാവുമെന്ന് ശ്രീധരന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പാലക്കാട്ടെ വിജയത്തില്‍ സംശയമേതുമില്ലാതിരുന്ന ശ്രീധരന്‍ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ അവിടെ എംഎല്‍എ ഓഫിസും തുറന്നു.

എന്നാല്‍, കേരള രാഷ്ട്രീയം ഉറ്റുനോക്കിയ പാലക്കാട് പോരിന്റെ അവസാനം ഷാഫി പറമ്പില്‍ ഹാട്രിക് വിജയം നേടി. ശ്രീധരനേക്കാള്‍ 3863 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചത്.

ബിജെപി വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയ ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഇ ശ്രീധരനും ജേക്കബ് തോമസും സംസ്ഥാന ബിജെപി നേതൃത്വവുമായി കൂടുതല്‍ അകലുകയും ചെയ്തു. കെ സുരേന്ദ്രനെതിരേ ഉയര്‍ന്ന തിരഞ്ഞെടുപ്പ് കോഴ, കള്ളപ്പണ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ശ്രീധരനും ജേക്കബ് തോമസും കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായ വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

Tags:    

Similar News