പള്ളി തർക്കത്തിൽ ഹിതപരിശോധന വേണമെന്ന് യാക്കോബായ സഭ
തർക്കപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിലാണ് ഹിതപരിശോധന എന്ന നിർദേശം സഭ മുന്നോട്ട് വച്ചത്.
തിരുവനന്തപുരം: യാക്കോബായ - ഓർത്തഡോക്‌സ് പള്ളി തർക്കത്തിൽ ഹിതപരിശോധന വേണമെന്ന് യാക്കോബായ സഭ. തർക്കപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിലാണ് ഹിതപരിശോധന എന്ന നിർദേശം സഭ മുന്നോട്ട് വച്ചത്. തർക്ക പള്ളികളിൽ വിശ്വാസികൾക്കിടയിൽ ഹിത പരിശോധന നടത്തണം. ഭൂരിപക്ഷം ലഭിക്കുന്ന വിഭാഗത്തിന് പള്ളി വിട്ടു നൽകണം. ഒപ്പം തന്നെ ന്യൂനപക്ഷത്തിന്‍റെ ആരാധന സൗകര്യം ഉറപ്പാക്കണമെന്നുമാണ് യാക്കോബായ വിഭാഗത്തിന്‍റെ നിർദേശം. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം യാക്കോബായ വിഭാഗം പ്രതികരിച്ചു.
ഹിതപരിശോധന എന്ന നിർദേശം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഓർത്തഡോക്‌സ് വിഭാഗവുമായി കൂടി ചർച്ച ചെയ്‌ത ശേഷം തീരുമാനം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രശ്‌ന പരിഹാരം പ്രതീക്ഷിക്കുന്നതായും യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ഓർത്തഡോക്‌സ് സഭയുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. സഭാ തർക്കത്തിൽ ഏറെ നിർണായകമാണ് ഇന്നത്തെ ചർച്ചകൾ. നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സമിതിയെ മധ്യസ്ഥ ചർച്ചകൾക്കായി സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ പ്രശ്‌ന പരിഹാരം സാധ്യമായില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇരു സഭ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.