ജലന്ധര്‍: ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ച, കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിക്കൊണ്ടു ജലന്ധര്‍ രൂപത അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവ് പുറത്തിറക്കിയതിനു പിന്നാലെ, സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്നു വ്യക്തമാക്കി ജലന്ധര്‍ രൂപത പിആര്‍ഒ രംഗത്തെത്തി. കന്യാസ്ത്രീകളുടെ ആഭ്യന്തര കാര്യങ്ങളില്‍ രൂപത അധ്യക്ഷന്‍ ഇടപെടാറില്ലെന്ന് ജലന്ധര്‍ രൂപത പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കന്യാസ്ത്രീകളെ സ്ഥലംമാറ്റുകയല്ല, മഠങ്ങളിലേക്ക് തിരികെ ക്ഷണിക്കുകയാണ് ചെയ്തതെന്നും പിആര്‍ഒ അവകാശപ്പെട്ടു. കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചതായി സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തില്‍ സമരനേതാവായിരുന്ന സിസ്റ്റര്‍ അനുപമയാണു വ്യക്തമാക്കിയത്. എന്നാല്‍ ജലന്ധര്‍ രൂപത അപ്പൊസ്‌തോലിക് അഡ്മനിസ്‌ട്രേറ്ററായി നിയമിതനായ ആഗ്‌നലോ ഗ്രേഷ്യസിനെ തള്ളിയാണ് രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം രംഗത്തെത്തിയത്.