ബലാല്‍സംഗക്കേസില്‍ വിചാരണ നേരിടുമ്പോഴും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ പുറത്തുനിര്‍ത്താന്‍ തയ്യാറാവാതെ കത്തോലിക്കാസഭ
കോട്ടയം: ബലാല്‍സംഗക്കേസില്‍ വിചാരണ നേരിടുമ്പോഴും കുറ്റംചുമത്തപ്പെട്ട ജലന്ധര്‍ ബിഷപ്പിനെതിരേ ചെറുവിരല്‍ അനക്കാതെ കത്തോലിക്കാസഭ. ബിഷപ്പിനെതിരേ ആരോപണം ഉന്നയിച്ചത് സഭയുടെ സന്യാസ സമൂഹത്തിലെ ഒരു അംഗം തന്നെയാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം ഉയര്‍ത്തുന്നു. ഇന്നാണ് ബിഷപ്പ് ഫ്രാങ്കോയെ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അദ്ദേഹത്തിനെതിരേയുളള ബലാല്‍സംഗക്കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. ആരോപണം അദ്ദേഹം നിഷേധിച്ചു. 16ാം തിയ്യതി മുതല്‍ വിചാരണ ആരംഭിക്കും. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേക്ക് പദവില്‍ നിന്ന് മാറ്റിനിര്‍ത്താത്തതിനെതിരേയാണ് പൊതുസമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. ഇതു സംബന്ധിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. കത്തോലിക്കാസഭയിലെ പ്രധാന കൂട്ടായ്മകളായ സിബിസിഐ, കെസിബിസി തുടങ്ങിയവര്‍ പ്രതികരിക്കാത്തതിനെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
തന്റെ അധീനതയിലുള്ള സന്യാസി സമൂഹത്തിലെ ഒരു സിസ്റ്ററെ നിരവധി കാലം തന്റെ അധികാരമുപയോഗിച്ച് തടഞ്ഞുവച്ചും അടിച്ചമര്‍ത്തിയും ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് ഫ്രാങ്കോയ്‌ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണം. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ തന്നെയാണ് ആരോപണം ഉന്നയിച്ചത്. സഭയിലെ തന്നെ നിരവധി അധികാരികളും സഭാവിശ്വാസികള്‍തന്നെയും ഇതിനെതിരേ രംഗത്തുവന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധമായി അത് മാറി. തുടക്കത്തില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ വഴുതിക്കളിച്ച സര്‍ക്കാര്‍ ഒടുവില്‍ ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി അറസ്റ്റ് ചെയ്തു. പക്ഷേ, ഏറെ താമസിയാതെ ബിഷപ്പിന് ജാമ്യം ലഭിക്കുകയും ചെയ്തു.
അന്യായമായി തടഞ്ഞുവയ്ക്കല്‍(സെക്ഷന്‍ 342), അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം ചെയ്യല്‍(സെക്ഷന്‍ 376 സി, എ), പ്രകൃതിവിരുദ്ധ ലൈംഗികപീഡനം(സെക്ഷന്‍ 377), ഭീഷണിപ്പെടുത്തല്‍(സെക്ഷന്‍ 506(1)), മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍(സെക്ഷന്‍ 376(2)(കെ)), സ്ത്രീത്വത്തെ അപമാനിക്കല്‍(സെക്ഷന്‍ 354) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ പലതും ജീവപര്യന്തം വരെയും ജീവിതാവസാനം വരെയും മറ്റും ശിക്ഷ അനുഭവിക്കേണ്ടവയാണ്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ. ബാബുവും പ്രതിക്ക് വേണ്ടി സി.എസ്സ് അജയനും കോടതിയില്‍ ഹാജരായി.